ഗാന്ധിയുടെ ജീവിതം ഏറ്റവും നീളം കൂടിയ ക്യാന്‍വാസിലേക്ക് പകര്‍ത്തി; ലോക റെക്കോര്‍ഡില്‍ ഇടംനേടി തിരുവങ്ങൂര്‍ സ്വദേശി മജ്‌നിയും കൂട്ടരും
കൊയിലാണ്ടി: ഗാന്ധിജിയുടെ ജീവിതകഥയെ ഏറ്റവും നീളം കൂടിയ ക്യാന്‍വാസിലേക്ക് പകര്‍ത്തി ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് തിരുവങ്ങൂര്‍ സ്വദേശിനിയായ ചിത്രകാരിയും ചരിത്ര അധ്യാപികയുമായ മജ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍ ഫോര്‍ ഗാന്ധിയല്‍ സ്റ്റഡീസും കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയും ആര്‍ട്ട് കേരള മുസരീസും സംയുക്തമായി സംഘടിപ്പിച്ച ‘ഗാന്ധിപഥം’ ചിത്രരചനാ യജ്ഞത്തിനാണ് ലോക റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നത്.
മജിനിയുടെ നേതൃത്വത്തിലുള്ള വരമുഖി സംഘടനയിലെ 13 അംഗങ്ങളക്കം 101 കലാകാരന്‍മാരാണ് ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തിയത്. 201.3 മീറ്റര്‍ ക്യാന്‍വാസില്‍ സെപിയ കളര്‍ ടോണില്‍ ഏഴ് മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് ചിത്രം വരച്ചത്. വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലുമാണ് ചിത്രരചന ഇടം പിടിച്ചത്.
വരമുഖിയിലെ 13 അംഗങ്ങള്‍ക്കും റെക്കോര്‍ഡ് ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇതൊരു മുതല്‍കൂട്ടാകുമെന്നും മജ്നി കൊയിലാണ്ടി ന്യൂസ് ഡോട്കോമിനോട് പറഞ്ഞു. വരയും വര്‍ണങ്ങളും ജീവശ്വാസമാക്കിയ വനിതകളുടെ കൂട്ടായ്മയാണ് വരമുഖി. ഈ കൂട്ടായ്മയുടെ സ്ഥാപക കൂടിയാണ് മജ്‌നി.
നാലുവര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ട വരമുഖി സ്ത്രീകള്‍ക്ക് വേണ്ടി റസിഡന്‍ഷ്യല്‍ ക്യാമ്പുകളും ചിത്രപ്രദര്‍ശനങ്ങളും നടത്തുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയില്‍ നിലവില്‍ 19 അംഗങ്ങളാണുള്ളത്.