‘തന്നെ പാതിജീവനോടെ കത്തിച്ച് കളഞ്ഞ ഒരുകൂട്ടം നരാധമന്മാരുടെ കഥ അവന്‍ ഏതോ ലോകത്തിരുന്ന് അച്ഛന് പറഞ്ഞ് കൊടുക്കുന്നുണ്ടാകണം…’; കക്കയത്ത് പൊലീസിനാല്‍ കൊല്ലപ്പെട്ട രാജന്റെ ഓര്‍മ്മകളിലൂടെ ഒരു കുറിപ്പ്, രഞ്ജിത്ത് ടി.പി അരിക്കുളം എഴുതുന്നു


രഞ്ജിത്ത് ടി.പി അരിക്കുളം

മാർച്ച് 2: രാജൻ രക്തസാക്ഷി ദിനം

1976-77 കാലഘട്ടം. അടിയന്തിരാവസ്ഥയുടെ ശേഷിപ്പുകൾ ഹരിച്ചും ഗുണിച്ചും ചർച്ച ചെയ്യുന്ന സമയം. പേരാമ്പ്ര മുൻസിഫ് മജിസ്ട്രേറ്റ് കോടതി നടപടികൾ ആരംഭിക്കുവാൻ ഏതാനും സമയം കൂടി ബാക്കിയുണ്ട്. കോടതി പരിസരത്ത് ജനക്കൂട്ടം ഒരു മഹാസാഗരം പോലെ തിങ്ങി നിറഞ്ഞു. പോലീസ് ജീപ്പുകൾ ഒന്നിനു പിറകെ ഒന്നായി വന്നു നിന്നു.

ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. മുൻസിഫ് മജിസ്ട്രേറ്റ് തുളസീദാസ് ചാർജ് എടുത്തതിനു ശേഷമുള്ള ആദ്യ ദിനമാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുപ്രസിദ്ധമായ ഒരു കേസ് പരിഗണിക്കുന്ന ദിവസം കൂടിയാണ്. കോടതി പരിസരത്തെത്തിയ അംബാസഡർ കാറുകളിൽ നിന്നും പോലീസ് ജീപ്പുകളിൽ നിന്നുമായി ഒരോരുത്തരായി ഇറങ്ങി. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി അവരെ കോടതി ഹാളിലേക്ക് കയറ്റാൻ പോലീസുകാർ നന്നേ പ്രയാസപ്പെട്ടു.

ആദ്യം ഇറങ്ങിയത് കേരളം കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രീയ ചാണക്യനായിരുന്ന, ഒരു കാലത്ത് കോൺഗ്രസിൻ്റെ അവസാന വാക്കായിരുന്ന സാക്ഷാൽ കെ.കരുണാകരൻ. പിറകെ അടിയന്തരാവസ്ഥക്കാലത്തെ മനുഷ്യനായാട്ടിൻ്റെ വേട്ടക്കാരൻ ജയറാം പടിക്കൽ. പിന്നെ ലക്ഷ്മണ. അങ്ങനെ ഒരോരുത്തരായി പ്രതിക്കൂട്ടിലേക്ക് കയറി.

തുളസിദാസ് എന്ന ഗൗരവക്കാരനായ മജിസ്ടേറ്റിനു മുന്നിൽ എല്ലാവരും നിശബ്ദരായി തല കുനിച്ചു. കോടതി ഹാൾ പരിപൂർണ്ണ നിശബ്ദമായി. അധികം വൈകാതെ കോടതി നടപടികൾ പൂർത്തിയാക്കി എല്ലാവരും പുറത്തിറങ്ങി. 1976 മുതൽ ഈ ദിവസം വരെ ചർച്ച ചെയ്യപ്പെടുന്ന കക്കയം പോലീസ് ക്യാമ്പിൽ ഉരുട്ടികൊന്നു എന്ന് വിശ്വസിക്കുന്ന രാജൻ കേസുമായി ബന്ധപ്പെട്ടാണ് ഇവരെല്ലാം പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്.

പുനരാവിഷ്കാരത്തിന് പ്രസക്തി ഇല്ലാത്ത കഥയാണ് രാജൻ കേസ്. അത്രയേറെ തവണ അത് വായിച്ചും കേട്ടും മനസിൽ പതിഞ്ഞു പോയിരിക്കുന്നു.

1976 ഫിബ്രവരി 28, പുലർച്ചെ 3.30 മണി സമയം.

കെ.വേണുവിൻ്റെ നേതൃത്വത്തിൽ പതിമൂന്ന് പേരടങ്ങുന്ന സംഘം കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കൈക്കലാക്കുന്നു. നിരവധി പോലീസുകാർക്ക് മാരകമായ പരിക്കേൽക്കുന്നു. ഇവിടെയാണ് രാജൻ കേസ് ആരംഭിക്കുന്നത്.

കായണ്ണ പോലീസ് സ്റ്റേഷൻ അക്രമം അന്നത്തെ അച്യുതമേനോൻ മന്ത്രിസഭക്ക് വലിയ ഒരു പ്രഹരമായിരുന്നു. പ്രത്യേകിച്ച് അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരന്. നക്സൽ ഗ്രൂപ്പുകൾ എത്രമാത്രം ശക്തി പ്രാപിച്ചു എന്ന് തിരിച്ചറിഞ്ഞ ആഭ്യന്തര വകുപ്പ് നക്സൽ ആശയങ്ങളെ ഉൻമൂലനം ചെയ്യാൻ ഒരു സ്പെഷ്യൽ ടീമിനെ തന്നെ നിയോഗിച്ചു.

അതിൻ്റെ തലവൻ അന്നത്തെ ക്രൈം ബ്രാഞ്ച് ഡി.ഐ.ജി ജയറാം പടിക്കലും. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള അധികമാരുടെയും കണ്ണിൽ പെടാത്ത ഒരു സങ്കേതം കക്കയത്ത് പടിക്കൽ രഹസ്യമായി തയ്യാറാക്കി. പിന്നീടങ്ങോട്ട് പടിക്കലിൻ്റെ നേതൃത്വത്തിൽ പ്രാകൃതമായ നരനായാട്ടിന് കക്കയം ക്യാമ്പ് സാക്ഷിയായി.

കക്കയം പോലീസ് സ്റ്റേഷൻ ആക്രമണ സമയത്ത് ഫറൂഖ് കോളേജിൽ കലോത്സവത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്ന കോഴിക്കോട് റീജിണൽ എഞ്ചിനിയറിംങ് കോളേജിലെ (ആർ.ഇ.സി) അവസാന വർഷ വിദ്യാർത്ഥിയായിരുന്ന രാജൻ എങ്ങനെ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പിടിക്കപ്പെട്ടു എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. ആ സമയത്ത് നക്സൽ പ്രസ്ഥാനം മിക്ക കോളേജുകളിലും വേരൂന്നിയിരുന്നു. ചോരത്തിളപ്പിൽ പലരും അതിൻ്റെ ഭാഗമായി.

രാജൻ നക്സൽ പ്രസ്ഥാനങ്ങളിൽ നേരിട്ട് പ്രവർത്തിച്ചില്ലെങ്കിലും മനസിൽ ഒരു വിപ്ലവകാരിയുണ്ടായിരുന്നു എന്നത് പോലീസ് മണത്തറിഞ്ഞു. ആഭ്യന്തര മന്ത്രി പങ്കെടുത്ത ഒരു പരിപാടിയിൽ ‘കനകസിംഹാസനത്തിൽ…….ശുംഭനോ അതോ ശുനകനോ…’ എന്ന ഗാനം രാജൻ ആലപിച്ചത് കരുണാകരനെ ഉദ്യേശിച്ച് മനഃപൂർവ്വമാണെന്ന് പലരും കരുതി.

മാത്രവുമല്ല കായണ്ണ പോലീസ് സ്റ്റേഷൻ അക്രമണ സമയത്ത് കലാപകാരികളിൽ ഒരാൾ “ഓടിക്കോ രാജാ…” എന്ന് വിളിച്ച് പറഞ്ഞത് പോലീസിന് രാജനിലേക്ക് എളുപ്പം എത്തി ചേരാനുള്ള സൂചനകളായിരുന്നു. കലോത്സവത്തിന് ശേഷം ഫറൂഖ് കോളേജിൽ നിന്നും ആർ.ഇ.സിയിൽ എത്തിയ രാജനെയും സുഹൃത്ത് ജോസഫ് ചാലിയെയും പോലീസ് ജീപ്പിലേക്കാണ് പിടിച്ച് കയറ്റിയത്.

പിന്നീട് രാജനെ പുറം ലോകത്ത് ആരും കണ്ടിട്ടില്ല. തൻ്റെ മരണത്തിലേക്കുള്ള യാത്രയാണ് അതെന്ന് ആ നിരപരാധി ആ സമയത്ത് അറിഞ്ഞിട്ടുണ്ടാവില്ല. അതിന് ശേഷമുള്ള കഥ ഊഹങ്ങളും സാഹചര്യ തെളിവുകളും വെച്ചുള്ളതാണ്.

അച്യുതമേനോൻ എന്ന കമ്യുണിസ്റ്റ് മുഖ്യമന്ത്രിയുടെയും കെ.കരുണാകരൻ എന്ന ആഭ്യന്തര മന്ത്രിയുടെയും അറിവോടെ ജയറാം പടിക്കൽ എന്ന സൈക്കോ പോലീസ് ഉദ്യോഗസ്ഥനിലൂടെ നടത്തിയ മനുഷ്യനായാട്ടിൻ്റെ കോൺസൺട്രേഷൻ സെൻ്റർ ആയിരുന്നു കക്കയം ക്യാമ്പ്. രാജനുൾപ്പെടെ 200 ഓളം പേർ കക്കയം ക്യാമ്പിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടു. പൂർത്തിയാവാത്ത സ്വപനങ്ങളുടെ, ആഗ്രഹങ്ങളുടെ, പ്രാണവായുവിന് വേണ്ടിയുള്ള നിലക്കാത്ത നിലവിളികളുടെ നേർക്കാഴ്ചയായി കക്കയം ക്യാമ്പ്.

തൻ്റെ മകൻ എവിടെയയെന്നറിയാതെ മരണം വരെ കേരളത്തിലെ പോലീസ് സ്റ്റേഷനുകളും ഹെഡ്ക്വാട്ടേർസുകളും കോടതികളും കയറിയിറങ്ങുന്ന ഈച്ചരവാര്യർ എന്ന പിതാവിനെയാണ് പിന്നീട് കേരളം കണ്ടത്. കാലു കനലിൽ വെന്ത നായയെ പോലെ ആ പിതാവ് മകനെ തേടിയലഞ്ഞു എന്ന പ്രയോഗത്തിൽ തന്നെ ആ മനുഷ്യന് എത്രമാത്രം നീതി നിഷേധിക്കപ്പെട്ടു എന്ന് മനസിലാക്കാവുന്നതേയുള്ളൂ.

പേരിൽ ഈശ്വരസാനിദ്ധ്യം ഉണ്ടായിട്ടും ഒരിക്കൽ പോലും ഈശ്വര കടാക്ഷം കിട്ടാതെ, നിയമത്തിലും നീതിയിലും വിശ്വാസം നഷ്ടപ്പെട്ട് വാർദ്ധക്യത്തിൻ്റെ ജരാനരകൾ ഏറ്റുവാങ്ങി പട്ടടയിൽ ഒടുങ്ങിപ്പോയ ഒരു ഹതഭാഗ്യനായ പിതാവായിരുന്നു ഈച്ചരവാര്യർ. തൻ്റെ മകൻ്റെ വിവരമറിയാൻ മുഖ്യമന്ത്രി അച്യുതമേനോൻ്റെ അടുത്തെത്തിയ വാര്യരോട് “നിങ്ങളുടെ മകനെ നോക്കി ഞാൻ എല്ലാ പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങണോ? “എന്ന് നീരസത്തോടെ സംസാരിച്ചപ്പോഴാണ് ഒരു കമ്മ്യൂണിസ്റ്റുകാരനെ അധികാരം എത്രമാത്രം അഹങ്കാരിയും, അസഹിഷ്ണുത ഉള്ളവനുമാക്കിയെന്ന് വാര്യർ തിരിച്ചറിഞ്ഞത്.

ഒരു കാലത്ത് താൻ അഭയം നൽകിയ മേനോൻ എത്ര മാത്രം അപചയത്തിലെത്തിയെന്നത് ആ വൃദ്ധനെ വല്ലാതെ വേദനിപ്പിച്ചു. കോളേജ് ക്യാമ്പസിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട രാജനെ തിരഞ്ഞ് കോളേജ് പ്രിൻസിപ്പാൾ ബഹാവുദ്ദീനൊപ്പം വാര്യർ കക്കയം ക്യാമ്പിലെത്തി. മണിക്കൂറുകളോളം പുറത്തിരുത്തിയ ശേഷമാണ് ജയറാം പടിക്കൽ പ്രിൻസിപ്പാളെയും വാര്യരെയും ഓഫീസിലേക്ക് വിളിപ്പിച്ചത്.

അകത്തേക്ക് കയറുമ്പോൾ രാജനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ജോസ് ചാലിയെ മൃതപ്രായനായി ഇരുവരും കണ്ടു. തൻ്റെ മകനും അതിനുള്ളിലെവിടെയോ ഉണ്ടെന്ന് വാര്യർ കണക്കുകൂട്ടി. പക്ഷേ രാജൻ കസ്റ്റഡിയിൽ നിന്നും ഓടിപ്പോയി എന്ന മറുപടിയാണ് വാര്യർക്കും വഹാബിനും ജയറാംപടിക്കൽ നൽകിയത്. പടിക്കൽ ഇരുവരോടും കയർത്തു സംസാരിക്കുകയും ചെയ്തു.

കക്കയം ക്യാമ്പിൻ്റെ പടിയിറങ്ങുമ്പോൾ ആ അഛൻ അറിഞ്ഞില്ല തൻ്റെ മകൻ അതിനുള്ളിലെവിടെയോ കൊല്ലാക്കൊല ചെയ്യപ്പെടുകയായിരുന്നു എന്ന്‌. സ്കോട്ട്ലാൻ്റിൽ നിന്നും ആധുനിക കുറ്റാന്വേഷണ രീതി പഠിച്ചിറങ്ങിയ ജയറാം പടിക്കൽ എന്ന ഒരു ദയയുമില്ലാത്ത സൈക്കോ ഓഫീസർ പക്ഷേ കക്കയം ക്യാമ്പിൽ അതിക്രൂരമായ പ്രാകൃത മർദ്ദന മുറകളിലൂടെ മനുഷ്യ ശരീരത്തെ ഇഞ്ചിഞ്ചായി നിശ്ചലമാക്കുന്നതിൽ ആനന്ദം കണ്ടെത്തുകയായിരുന്നു.

അധികാരത്തിൻ്റെ അഹങ്കാരത്തോടൊപ്പം കക്കയം ക്യാമ്പിൻ്റെ ചുമരുകളിൽ ചിതറി തെറിച്ച മനുഷ്യരക്തത്തിൻ്റെ പച്ചമണം മറ്റൊരു ലഹരിയായി അവരാസ്വദിക്കുകയായിരുന്നു. മൂന്നാംമുറ പ്രയോഗങ്ങളിൽ പെട്ട ഉരുട്ടലിന് കക്കയത്തെ ഒരു വീട്ടിൽ നിന്നും പോലീസുകാർ ഉലക്ക വാങ്ങിച്ചതായി പറയുന്നുണ്ട്.

അറസ്റ്റു ചെയ്യപ്പെട്ട രാജനെ നേരെ കക്കയം ക്യാമ്പിലെത്തിച്ചു. കായണ്ണ പോലീസ് സ്റ്റേഷനിൽ നിന്നും കൊള്ളയടിച്ച ആയുധങ്ങൾ എവിടെ എന്നതായിരുന്നു ജയറാം പടിക്കലിൻ്റെ ചോദ്യം. ആ സംഭവവുമായി ബന്ധമില്ലാത്ത രാജന് സ്വാഭാവികമായും ഉത്തരം പറയാൻ കഴിയുമായിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിനായി രാജൻ ക്യാമ്പിനുള്ളിലെ ഏതോ ഒരു മുറിയിൽ നഗ്നനായി ഒരു ബെഞ്ചിൽ കിടത്തപ്പെട്ടു. കൈ കാലുകൾ ബന്ധിക്കപ്പെട്ടു.

രണ്ട് പോലീസുകാർ രാജൻ്റെ ഇരുഭാഗത്തും നിന്നും അരക്ക് താഴേക്ക് ഉലക്ക കൊണ്ടുള്ള ഉരുട്ടൽ ആരംഭിച്ചു.അതിക്രൂരമായ പീഡനമുറ. ഉലക്ക ശക്തമായി ശരീരത്തിലൂടെ ഉരുളുമ്പോൾ തുടയിലെ അസ്ഥിയും മാംസവും ഉടഞ്ഞു ചിതറും. ഞരമ്പുകളിലൂടെയുള്ള രക്തയോട്ടം നിലയ്ക്കും. രോമക്കുത്തുകളിലൂടെ രക്തമൊഴുകും. ജനനേന്ദ്രിയം ഉൾപ്പെടെ ഞെരിഞമരും.

തലച്ചോറ് പിളരുന്ന വേദന സഹിക്കാനാവാതെ പ്രാണവായുവിന് വേണ്ടി നിലവിളിച്ച രാജൻ്റെ വായിലേക്ക് തുണി തിരുകപ്പെട്ടു. മണിക്കൂറുകളോളം നീണ്ട ഉരുട്ടലിൽ രാജൻ്റെ ശരീരം നിശ്ചലമായി. മരണം ഉറപ്പാക്കാൻ ഒരു പോലീസുകാരൻ കത്തിച്ച സിഗരറ്റ് ശരീരത്തിൽ കുത്തി നോക്കി. പിന്നീട് നടന്നത് പോലീസിലെ ഒരു പറ്റം ക്രിമിനലുകളുടെ നീചമായ പ്രവർത്തികളാണ്.

മരിച്ചോ ജീവനുണ്ടോ എന്നുറപ്പില്ലാത്ത രാജൻ്റെ ശരീരം ക്യാമ്പിന് സമീപത്തെ കുറ്റിക്കാട്ടിൽ ഇട്ട് കത്തിച്ചു. മുഴുവൻ കത്താത്ത ഭാഗങ്ങൾ കുഴികുത്തി മറവു ചെയ്തു. പിന്നീട് വീണ്ടും പുറത്തെടുത്ത് പഞ്ചസാര ഇട്ട് കത്തിച്ച് ശിഷ്ട ഭാഗങ്ങൾ ഉരക്കുഴിയിലേക്ക് വലിച്ചെറിഞ്ഞു. ഇരുട്ടിൻ്റെ മറവിൽ ഒരു നിരപരാധിയെ ഒരു തെളിവും ശേഷിപ്പിക്കാതെ ആരോരുമറിയാതെ, ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കി.

കക്കയം ക്യാമ്പിന് ചുറ്റി ഒഴുകുന്ന ചെറിയ പുഴയും കാറ്റും അതിന് മൂകസാക്ഷിയായി. ഇതാവാം നടന്നതെന്ന ഊഹങ്ങൾ മാത്രമെ ഉള്ളൂ. തൻ്റെ മകൻ ഒരു ദിവസം തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന രാജൻ്റെ അമ്മ രാധ, ആ പ്രതീക്ഷ അവസാനിച്ചു തുടങ്ങിയപ്പോൾ മനസിൻ്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ട് ഒടുവിൽ ചിതയിലമർന്നു.

ഈച്ചരവാര്യർ മകന് വേണ്ടിയുള്ള അലച്ചിൽ നിർത്തിയില്ല. സുപ്രീം കോടതിയിൽ വരെ എത്തിയ നിയമ പോരാട്ടം ഒടുവിൽ കെ.കരുണാകരനെയും ജയറാം പടിക്കലിനെയുമൊക്കെ കോടതി മുറ്റത്ത് എത്തിച്ചു. പക്ഷേ ആ പിതാവിന് നീതി ലഭിച്ചില്ല. ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി ഇടത് പക്ഷ സ്നേഹിതനായിരുന്ന ജസ്റ്റിസ് സുബ്രമണ്യം പോറ്റിയുടെ ബെഞ്ചിൽ വന്നപ്പോൾ വാര്യർക്ക് അനുകൂല പരാമർശങ്ങൾ ഉണ്ടായെങ്കിലും കേസ് പിന്നീട് കോയമ്പത്തൂർ കോടതിയിലാണ് വിചാരണ നടന്നത്.

രാജൻ്റെ സഹതടവുകാരനായിരുന്ന കെ.രാജൻ വാര്യരുടെ മകൻ്റെ ഉലക്കയിൽ ഉരുട്ടുമ്പോഴുള്ള പ്രാണവേദനായാലുള്ള നിലവിളി കേട്ടെന്ന് മൊഴി നൽകിയെങ്കിലും രാജൻ്റെ മൃതശരീരം കിട്ടാത്തത് ദൃശ്യം സിനിമയെപ്പോലെ തന്നെ പ്രതികളിൽ ചിലർ ആദ്യവിധിയിലും, മറ്റുള്ളവർ അപ്പീൽ കോടതിയിലും കുറ്റവിമുക്തരാക്കപ്പെടുന്നത് നിസ്സഹായനായി നോക്കി നിൽക്കാനെ വാര്യർക്ക് കഴിഞ്ഞുള്ളൂ.

കമ്യൂണിസ്റ്റുകാരനായ അച്യുതമേനോൻ രാജൻ്റെ തിരോധാന കേസിൽ ഇടപെടാതിരുന്നതിലുള്ള സ്വപക്ഷത്തിൻ്റെ തന്നെ ഈർഷ്യയാവാം കൊലയാളി കരുണാകരൻ എന്ന പേര് വീണിട്ടും അടുത്ത ഇലക്ഷനിൽ കോൺഗ്രസ് ജയിച്ചു കയറാൻ കാരണമെന്ന് ഊഹിക്കാം. കാലങ്ങൾക്ക് ശേഷം സർക്കാറിനെതിരെ കോഴിക്കോട് സബ് കോടതിയിൽ നിന്നും എട്ട് ലക്ഷം രൂപ വാര്യർക്ക് നഷ്ടപരിഹാരം വിധിച്ചു. പിന്നീട് അധികാരത്തിൽ വന്ന നായനാർ സർക്കാർ പണം അടച്ച് തടിയൂരി.

തൻ്റെ മകന് എന്ത് സംഭവിച്ചു എന്നത് ഒരിക്കലും വാര്യർക്ക് അറിയാൻ കഴിഞ്ഞില്ല. രാജൻ തിരിച്ചുവരുമെന്ന് വാര്യർ അവസാന കാലം വരെ പ്രതീക്ഷിച്ചു. “എല്ലാ രാത്രികളിലും ഒരില ചോറ് ഞാനവന് വേണ്ടി കരുതി വെച്ചു” എന്ന് ആത്മകഥയിൽ അദ്ദേഹം എഴുതി. മകനെ നഷ്ടപ്പെട്ട ഒരച്ഛൻ്റെ ശാപം കരുണാകരനെയും, ജയറാം പടിക്കലിനെയും പിന്തുടർന്നു.

ഏത് അധികാര ഭ്രാന്തിൻ്റെ പേരിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചോ, അതേ അധികാരത്തിലിരിക്കുമ്പോൾ സ്വന്തം കാവൽകാരുടെ തോക്കിൻ മുനയിൽ ജീവൻ നൽകിയവരെയും അധികാര മോഹവും പുത്രവാത്സല്യവും തലച്ചോറിനെ ഭ്രമിപ്പിച്ചവരെ ഇവ രണ്ടും വെറും പണയ ഉരുപ്പടികളായി നിസഹായരായി കണ്ടു നിൽക്കുന്നതും കേരളം കണ്ടു.

പോലീസ് എന്ന ലേബലിൽ ചെയ്തു കൂട്ടിയ പാപക്കറ പടിക്കലിനെയും വെറുതെ വിട്ടില്ല നരക യാതനകളിലൂടെ പുഴുവരിച്ച ജന്മമായി അവസാന നാളുകൾ. മകൻ്റെ പടുമരണവും കാലം അയാൾക്ക് കാത്ത് വെച്ച ശിക്ഷയായിരുന്നു.

“എൻ്റെ നിഷ്ങ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്?” തൻ്റെ ആത്മകഥയിലെ ഈ ഒരു വരി മാത്രം മതി പുത്രവിയോഗം വാര്യരെ എത്ര മാത്രം തകർത്തു കളത്തിരുന്നെന്ന് മനസിലാക്കാൻ.

നീതിയും നിയമവും തോൽക്കുന്നിടത്ത് സായുധ വിപ്ലവം ഒരു പരിഹാരമാണെന്ന തോന്നലിലാണ് നക്സലിസം ഉണ്ടാവുന്നത്. അടിസ്ഥാനമില്ലായ്മയും അപ്രായോഗികതയും കാരണം അത് പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ കേരളവും ഒരുപക്ഷേ മാവോയിസ്റ്റ് കേന്ദ്രങ്ങളായി മാറിയേനെ. പുനർജീവനെ വിശ്വസിക്കുന്നുവെങ്കിൽ ആ അമ്മയുടെ മടിയിൽ തല ചായ്ച് കിടന്ന് തൻ്റെ മോഹങ്ങളും, സ്വപ്നങ്ങളും തകർത്ത് തന്നെ പാതി ജീവനോടെ കത്തിച്ചു കളഞ്ഞ ഒരു കൂട്ടം നരാധമൻമാരുടെ കഥ അവൻ തന്നെ ഏതോ ലോകത്തിരുന്ന് അച്ഛന് പറഞ്ഞു കൊടുക്കുന്നുണ്ടാവണം…

വര ശ്രീനാഥ് സത്യൻ