പോരാട്ടത്തിനൊടുവില്‍ പട്ടാഭിഷേകം; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പി. മുംതാസിന്റെ സത്യപ്രതിജ്ഞ മാര്‍ച്ച് മൂന്നിന്


പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറമുക്ക് 15-ാം വാര്‍ഡില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. മുംതാസിന്റെ സത്യപ്രതിജ്ഞ മാര്‍ച്ച് മൂന്നിന്. നാളെ കാലത്ത് 10 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗമായി മുംതാസ് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്‍ക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കേണ്ടത്.

ഫെബ്രുവരി 28 നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് ഒന്നിന് വോട്ടെണ്ണി. 168 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിനെ പരാജയപ്പെടുത്തി യു.ഡി.എഫ് കക്കറമുക്ക് പിടിച്ചെടുത്തത്. ഇരുമുന്നണികള്‍ക്കും വിജയം അനിവാര്യമായ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ശക്തമായ മത്സരത്തിലൂടെയാണ് യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്.

15-ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്ത പ്രസിഡന്റായ ഇ.ടി. രാധ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2020ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 15 അംഗ ഭരണസമിതിയില്‍ എട്ട് വാര്‍ഡുകളില്‍ എല്‍.ഡി.എഫും ഏഴ് വാര്‍ഡുകളില്‍ യു.ഡി.എഫുമാണ് വിജയിച്ചത്.