‘മദ്യം വ്യാപിപ്പിച്ച് മറ്റ് ലഹരികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നത് പരിഹാസ്യം, മദ്യവും ലഹരികളും നിയന്ത്രിക്കാന്‍ തദ്ദേശഭരണകൂടങ്ങള്‍ക്ക് അധികാരം നല്‍കണമെന്നും മദ്യനിരോധനസമിതി’; കൊയിലാണ്ടിയിലെ സമ്മേളനത്തില്‍ മദ്യനിരോധന മഹിളാവേദി


കൊയിലാണ്ടി: മദ്യവും മറ്റു ലഹരികളും നിയന്ത്രിക്കാന്‍ തദ്ദേശഭരണകൂടങ്ങള്‍ക്ക് അധികാരം നല്കണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.സുജാത വര്‍മ കൊയിലാണ്ടിയില്‍ പറഞ്ഞു. മദ്യനിരോരോധനസമിതിയുടെ 400 ദിവസം പിന്നിട്ട അനിശ്ചിത കാല മലപ്പുറം സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള മദ്യനിരോധന മഹിളാ വേദിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ വേദി ജില്ലാ പ്രസിഡണ്ട് സതി മടപ്പള്ളി അധ്യക്ഷത വഹിച്ചു. മദ്യം വ്യാപിപ്പിച്ചു കൊണ്ട് മറ്റു ലഹരികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നത് പരിഹാസ്യമാണെന്നും ഉദ്ഘാടക എടുത്തുപറഞ്ഞു. മദ്യനിരോധന സമിതി സ്റ്റേറ്റ് ട്രഷറര്‍ ഖദീജ നര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി പദ്മിനി, മദ്യ നിരോധനസമിതി ജില്ലാ പ്രസിഡണ്ട് സുമാ ബാലകൃഷ്ണന്‍, വിമണ്‍ ജസ്റ്റീസ് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, എം.ജി.എം ജില്ലാ പ്രസിഡണ്ട് സോഫിയ ടീച്ചര്‍, മഹിളാവേദി ജില്ലാ വൈസ് പ്രസിഡണ്ട് രമാദേവി ടീച്ചര്‍, മൂടാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ലതിക പുതുക്കുടി, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ജസിയ കൊയിലാണ്ടി പ്രസംഗിച്ചു.

മഹിളാ വേദി ജില്ലാസെക്രട്ടറി ഉഷാനന്ദിനി സ്വാഗതവും ട്രഷറര്‍ കെ.എം.ബിന്ദു നന്ദിയും പറഞ്ഞു. നേരത്തെ നടന്ന പ്രകടനത്തിന് സജ്‌ന പിരിശത്തില്‍, സറീന സുബൈര്‍, അശ്വതീ രാജേഷ്, ആസ്യാബീ കാരാടി, റസീന പയ്യോളി, സുഗന്ധി കുന്ദമംഗലം നേതൃത്വം കൊടുത്തു.

Summary: madya nirodhana mahilavedi meeting koyilandy