മനം കവര്‍ന്ന് ‘മദ്രാസ് മലര്’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അര്‍ജുനും ശ്രീതുവും, കൊയിലാണ്ടി പാലക്കുളം സ്വദേശി സംവിധാനം ചെയ്ത ഷോര്‍ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
കൊയിലാണ്ടി: പാലക്കുളം സ്വദേശി സംവിധാനം ചെയ്ത ബിഗ്ബോസ് താരങ്ങള്‍ പ്രധാന വേഷത്തിലെത്തിയ ‘മദ്രാസ് മലര്’തമിഴ് മ്യൂസിക്കല്‍ ഷോര്‍ട് ഫിലിം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു. പാലക്കുളം വെള്ളറക്കാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മനു ഡാവിഞ്ചി സംവിധാനം ചെയ്ത ഷോര്‍ട് ഫിലിമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.
ലവ് സ്റ്റോറിയിലൂടെ രണ്ട് രണ്ട് റൊമാന്റിക് ഗാനങ്ങളുമായി ഒരുക്കിയിരിക്കുന്ന വീഡിയോ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ്. മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയായിരുന്നു ‘മദ്രാസ് മലര്’ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയത്. ബിഗ്ബോസ് താരങ്ങളായ അര്ജുന്, ശ്രീതു, തമിഴ് ബിഗ് ബോസ് താരം ആയിഷ സീനത്തും പ്രധാന വേഷത്തിലുണ്ട്. വിനീത് ശ്രീനിവാസന്, ആര്യ ദയാല്‍, അഭിജിത്ത് ദാമോദരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
പതിനഞ്ച് വര്‍ഷത്തോളമായി ഇരുന്നൂറോളം സിനിമകളില്‍ പോസ്റ്റര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു മനു ഡാവിഞ്ചി. മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള സിനിമകളിലെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. അനാര്‍ക്കലി, ടിയാന് തുടങ്ങിയ മലയാള ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസസെനര് മനുവാണ്.
ഗുജറാത്തില്‍ നിന്നും അനിമേഷനില്‍ പി.ജി ചെയ്ത മനു അസിസ്റ്റന്റ് ഡയറക്ടറായാണ് തുടക്കം. സിനിമയിലേയ്ക്ക് എത്തിപ്പെടണമെന്ന അതിയായ ആഗ്രഹം കൊണ്ടും ഇതുവരെയുള്ള എക്സപീരിയന്‍സ് കൊണ്ടും ആദ്യമായാണ് സംവിധാനത്തിലേയ്ക്ക് കടക്കുന്നത്.
പഠിത്തത്തിന് ശേഷം ദുബൈയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീട് സിനിമാ മോഹം സിരകളില്‍ പടര്‍ന്നപ്പോള്‍ ചെന്നെയിലേയക്ക് വണ്ടി കയറുകയായിരുന്നു. ഒരു ഗാനം ഡയറക്ട് ചെയ്യുകയായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നല്ല വരികളും ഈണവും ഒത്തുവന്നതോടെ ഒരു ലവ് സ്റ്റോറി ഷോര്‍ട് ഫിലിമിലേയ്ക്ക് വഴിതിരിയുകയായിരുന്നെന്ന് മനു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഭൂരിഭാഗവും ചെന്നെയിലായിരുന്നു ഷൂട്ട്, കേരളത്തിലെ ചില സ്ഥലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി സംവിധാനത്തിലേയ്ക്ക് കടക്കുമ്പോള്‍ വലിയ ടെന്‍ഷനായിരുന്നു. ഷൂട്ട് തുടങ്ങേണ്ടിയിരുന്ന തലേ ദിവസം ഡെങ്കിപ്പനി പിടിപെടുകയും ചെയ്തു. എല്ലാം സെറ്റായി വന്നിട്ടും ഷൂട്ട് മുടങ്ങേണ്ടല്ലോ എന്ന് കരുതി വിറയ്ക്കുന്ന പനികോളിലും സിനിമയോടുള്ള ആഗ്രഹം കാരണം ആദ്യ സംവിധാനത്തിലേയ്ക്ക് ചുവടുവെയ്ക്കുകയായിരുന്നെന്ന് മനു ഓര്‍ത്ത് പറഞ്ഞു.
നാല് ദിവസമായിരുന്നു ചിത്രീകരണം. ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുകയായിരുന്ന ബിഗ്ബോസ് താരങ്ങളായ ശ്രീതുവും അര്‍ജുനെയും തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങി 48മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 9 ലക്ഷത്തോളം കാഴ്ചക്കാരാണ് ഷോര്‍ട്ട്ഫിലിം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ രണ്ടാം ഭാഗം ചിത്രീകരിക്കാനും സാധ്യതയുണ്ട്.
ിഷ്ണു ശിവപ്രദീപിന്റേതാണ് സ്ക്രിപ്റ്റ്. പയസ് ഹെന്റ്രി, വൈശാഖ് രവി എന്നിവരാണ് നിര്‍മ്മാതാക്കള്‍. മുകുന്ദന് രാമന്, ടിറ്റോ പി തങ്കച്ചന് എന്നിവരുടെ വരികള്‍ക്ക് അജിത് മാത്യുവാണ് ഈണം നല്‍കിയിരിക്കുന്നത്. സിനോജ് പി. അയ്യപ്പന്, ആമോഷ് പുതിയാട്ടില്‍ എന്നിവരാണ് ഛായാഗ്രഹണം.
ഇതിനകം ഇന്‍സ്റ്റഗ്രാം റീലുകളിലടക്കം ഇതിലെ ഈണങ്ങള്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. റീല്‍സില്‍ ഇതിലെ ഗാനങ്ങള്‍ക്ക് 18 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടാനായിട്ടുമുണ്ട്. കൊയിലാണ്ടി ബോയ്സ് ഹൈസ്ക്കൂളില്‍ നിന്നുമാണ് മനു പഠനം പൂര്‍ത്തിയാക്കിയത്. ആന്തട്ട ഗവ യു.പി സ്കൂളിലെ അധ്യാപികയാണ് ഭാര്യ അനില. മകന് ദ്രുപത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.