ഇതിനകം രോഗം വന്നത് നൂറ്റമ്പതോളം പശുക്കള്‍ക്ക്, പിന്നാലെ കറവവറ്റലും; അരിക്കുളം പഞ്ചായത്തില്‍ ചര്‍മമുഴ രോഗം വ്യാപകമായതോടെ കര്‍ഷകര്‍ ആശങ്കയില്‍


അരിക്കുളം: പഞ്ചായത്തില്‍ പശുക്കളില്‍ ചര്‍മമുഴ രോഗം വ്യാപകമാകുന്നത് ക്ഷീരകര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഊരള്ളൂര്‍, ഉട്ടേരി, വാകമോളി തുടങ്ങിയ പ്രദേശങ്ങളിലായി നൂറ്റമ്പതോളം പശുക്കള്‍ക്ക് രോഗം ബാധിച്ചതായി പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എം.പ്രകാശന്‍ പറഞ്ഞു.

കൈകാലുകളില്‍ നീര്‍വീക്കവും പേശികളില്‍ മുഴകള്‍ വന്ന് പഴുത്ത് പൊട്ടിയൊലിക്കുകയും ചെയ്യുന്നതാണ് രോഗലക്ഷണം. ഈച്ചയും കൊതുകുമാണ് രോഗം പരത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. രോഗം പിടിപെട്ട കറവ പശുക്കളുടെ കറവ് വറ്റിപ്പോകുകയും ശരീരം ശോഷിക്കുകയും ചെയ്യുന്നത് കര്‍ഷകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസില്‍ നിന്ന് ഡോക്ടറും ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറും സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വരുന്നതിന് മുമ്പ് തന്നെ രോഗവ്യാപനമുണ്ടായ പ്രദേശങ്ങൡ കന്നുകാലികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് അരിക്കുളം മൃഗാശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

എന്താണ് ചര്‍മമുഴ രോഗം:

പശുക്കളുടെ പാലുത്പാദനവും പ്രത്യുത്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാവുന്ന സാംക്രമിക ചര്‍മമുഴ രോഗത്തിന് കാരണം കാപ്രിപോക്സ് വൈറസ് കുടുംബത്തിലെ എല്‍.എസ്.ഡി. വൈറസുകളാണ്. പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മ മുഴ രോഗ സാധ്യതയുള്ളത്. പടര്‍ത്തുന്നത് കടിയീച്ച, കൊതുക്, ചെള്ള്, പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്.

രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും പാല്‍ വഴി കിടാവിലേക്കും രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. എച്ച്.എഫ്. അടക്കമുള്ള സങ്കരയിനം പശുക്കളെ രോഗം പെട്ടെന്ന് ബാധിക്കും. രോഗം മൂലമുണ്ടാവുന്ന ദീര്‍ഘനാളത്തെ ഉത്പാദന-പ്രത്യുത്പാദന നഷ്ടമാണ് സാംക്രമിക ചര്‍മമുഴ രോഗം വരുത്തിവെക്കുന്ന പ്രധാന ആഘാതം.

രോഗാണുബാധയേറ്റ നാലുമുതല്‍ 14 ദിവസങ്ങള്‍ക്കകം പശുക്കളും എരുമകളും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ഉയര്‍ന്ന പനി, കറവയിലുള്ള പശുക്കളുടെ ഉത്പാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്, വായില്‍നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങള്‍.

തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി രണ്ടുമുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള മുഴകള്‍ പ്രത്യക്ഷപ്പെടും. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും ഗുദഭാഗത്തുമെല്ലാം ഇത്തരം മുഴകള്‍ ധാരാളമായി കാണാം.

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ കന്നുകാലികളെ പ്രത്യേകം പാര്‍പ്പിച്ച് പരിചരിക്കണം. വൈറസ് രോഗമായതുകൊണ്ട് തന്നെ ചര്‍മ മുഴ രോഗത്തിനെതിരേ ഫലപ്രദമായ മരുന്നുകള്‍ ഒന്നുംതന്നെയില്ല. മുഴകള്‍ പൊട്ടിയുണ്ടാകുന്ന വ്രണങ്ങള്‍ ഉണങ്ങാന്‍ സമയമെടുക്കും.

വ്രണങ്ങളില്‍ അണുബാധകള്‍ക്കും പുഴുബാധയ്ക്കും സാധ്യതയേറെയാണ്. വ്രണങ്ങളില്‍ ഈച്ചകളെ അകറ്റാനും മുറിവുണക്കത്തിനുള്ളതുമായ മരുന്നുകള്‍ പ്രയോഗിക്കണം. നീര്‍ക്കെട്ടൊഴിവാക്കുന്നതിന് ചൂടുകിഴി പ്രയോഗവും നടത്താവുന്നതാണ്.

രോഗം ബാധിച്ച പശുക്കളുടെ ത്വക്കിലെ മുഴകളില്‍നിന്നും അടര്‍ന്നുവീഴുന്ന പൊറ്റകളിലും വ്രണഭാഗങ്ങളിലും വൈറസിന്റെ സാന്നിധ്യം ഉണ്ടാകും. ഇവ നീക്കംചെയ്തതിനുശേഷം തൊഴുത്തും പരിസരവും ഒരു ശതമാനം ഫോര്‍മാലിന്‍ ലായനിയോ രണ്ടുശതമാനം വീര്യമുള്ള ഫിനോള്‍ ലായനിയോ ബ്ലീച്ചിങ് പൗഡര്‍ ലായനിയോ ഉപയോഗിച്ച് കഴുകി സൂര്യപ്രകാശമേല്‍പ്പിക്കണം.