കടലില്‍ വീണ യുവതിയെ രക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസിന് തുണയായി നാട്ടുകാര്‍; അഴിത്തല സ്വദേശികളായ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് വടകര കോസ്റ്റല്‍ പൊലീസ്
പയ്യോളി: അഴിത്തലയില്‍ കടലില്‍ വീണ യുവതിയെ രക്ഷിക്കാന്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അഭിനന്ദനവുമായി കോസ്റ്റല്‍ പൊലീസ്. രക്ഷാ പ്രവര്‍ത്തനത്തില്‍ സഹായിച്ച മത്സ്യതൊഴിലാളികളായ ഫിറോസ് മുട്ടുങ്ങല്‍വളപ്പ്, നൗഷാദ് കാഞ്ഞായി, ബഷീര്‍ ടി.കെ ഹൗസ് എന്നിവരെ കോസ്റ്റല്‍ പൊലീസ് അഭിനന്ദിക്കുകയും ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു.
ജനുവരി ഒന്നിനായിരുന്നു അഴിത്തലയില്‍ ഭര്‍തൃമതിയായ യുവതി കടലില്‍ വീണത്. നാട്ടുകാരുടെയും കോസ്റ്റല്‍ പൊലീസിന്റെയും സമയോചിത ഇടപെടല്‍ കാരണമാണ് യുവതി രക്ഷപ്പെട്ടത്.
വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത് പി.വി, അബ്ദുല്‍സലാം എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥന്‍മാരും, കോസ്റ്റല്‍ വാര്‍ഡന്‍മാരും, ബോട്ട് സ്റ്റാഫും ചേര്‍ന്ന് മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ചു രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്, എസ്.സി.പി.ഒ.വിജേഷ്.ടി.പി, സി.പി.ഒ ശ്രീലേഷ് എന്നിവരേയും ചടങ്ങില്‍ അഭിനന്ദിച്ചു.