പായലും ചെളിയും നിറഞ്ഞ് കുളങ്ങള്‍, പടവുകള്‍ നശിച്ച് ജീര്‍ണാവസ്ഥയിലായി പൊതുകിണറുകളും; കൊയിലാണ്ടിയിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ ശ്രദ്ധകൊടുക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍
രവീന്ദ്രൻ.പി.കെ
കൊയിലാണ്ടി: നഗരസഭയിലെ കുളങ്ങളും പൊതുകിണറുകളും സംരക്ഷിക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ ശ്രദ്ധകൊടുക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. നഗരസഭയിലെ നാല്പത്തിനാല് ഡിവിഷനുകളിലായി 97 കുളങ്ങളും 71 പൊതുകിണറുകളുമാണുള്ളത്. ക്ഷേത്രങ്ങളുടേയും പള്ളികളുടേയും സ്വകാര്യ വ്യക്തികളുടേയും ഉടമസ്ഥതയിലാണ് ഭൂരിഭാഗം കുളങ്ങളും. 16 എണ്ണം പൊതുകുളവും ഒന്ന് മലബാര്‍ ദേവസം ബോര്‍ഡിന്റേയും ഒന്ന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റേതുമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ കുളിക്കാനും അലക്കാനും നീന്തല്‍ പഠിക്കാനും ഉപയോഗിച്ചവയാണ് ഈ കുളങ്ങളില്‍ ഏറെയും. നഗരസഭയുടെ പന്തലായനി സെന്‍ട്രലില്‍ ഉള്ള അരിക്കുന്ന് കുളത്തില്‍ നിന്നായിരുന്നു മുകളിലെ നാല് സെന്റ് കോളനിയിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്നത്. പത്തോളം കുടുംബങ്ങളാണ് കോളനിയില്‍. ഉപഭോക്തക്കള്‍ നഗരസഭയുമായുളള കരാര്‍ പാലിക്കാത്തതിനാല്‍ ജല വിതരണം നിലച്ചു. ഇപ്പോള്‍ ചുറ്റുപാടുമുള്ള ചെടികളില്‍ നിന്ന് കരിയിലകള്‍ വീണ് വെള്ളം മലിനമായിരിക്കയാണ്. എന്നിട്ടും സമീപത്തെ വീട്ടുകാര്‍ കുളത്തിന് മുകളില്‍ വലവിരിച്ച് കരിയില വീഴുന്നത് തടഞ്ഞ് വെള്ളം ഉപയോഗിച്ച് കൊണ്ടിരിക്കയാണ്. ഒരിക്കലും വറ്റാത്ത കുളമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.
മലബാര്‍ ദേവസം ബോര്‍ഡിന്റെ കീഴിലുള്ള കൊല്ലം ചിറ ജില്ലയിലെ ഏറ്റവും വലിയ ജല സ്രോതസ്സാണ്. ഭൂരിഭാഗം കുളങ്ങളും പായലും ചെളിയും നിറഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. ചിലത് പടവുകള്‍ ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ്. ജീര്‍ണ്ണാവസ്ഥയിലായ ചില കുളങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറ്റിയിരിക്കുന്ന സാഹചര്യത്തിലാണ് ഇവ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
ക്ഷേത്ര കുളങ്ങളും സ്വകാര്യ കുളങ്ങളും ഈ മട്ടില്‍ മലിനപെട്ട് കിടക്കുകയാണ്. നഗരസഭയിലെ ഏറെ പഴക്കമുളള പൊതുകിണറുകളും നാശത്തിന്റെ വക്കിലാണ്. കീഴാളവിഭാഗങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കപ്പെട്ട കാലത്ത് ഉദാരമതികള്‍ സംഭാവനായി നല്കിയ സ്ഥലത്താണ് ആദ്യ കാലത്ത് പൊതുകിണറുകള്‍ കുത്തിയത്. പെരുവട്ടൂര്‍ സെന്‍ട്രലിലെ അമ്പലത്തൊടിയിലെ കിണര്‍ ഈ മട്ടില്‍ കുത്തിയതായിരുന്നു. നൂറ് കണക്കിന് കുടുംബങ്ങളാണ് ഇവിടെ നിന്ന് വെള്ളമെടുത്തിരുന്നത്. ഒരു വരള്‍ച്ചയിലും വറ്റാത്ത കിണറാണിതെന്ന് പ്രായമുള്ളവര്‍ പറഞ്ഞു.
എല്ലാ വീട്ടിലും കിണറായതോടെ പൊതുകിണറുകള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ആളുകള്‍ ഇവിടെ നിന്നാണ് വെള്ളമെടുക്കുന്നത്. കിണറിന്റെ ആള്‍മറകള്‍ തകരുകയും പ്ലാറ്റുഫോം പൊളിയുകയും ചെയ്ത അവസ്ഥയിലാണ്. ഇത്തരം കിണറുകള്‍ ചെളി മാറ്റി സംരക്ഷിച്ചാല്‍ വരള്‍ച്ച കാലത്ത് കൂടുതല്‍ പ്രയാസം അനുഭവിക്കുന്ന തീരദേശത്തേക്കും കിഴക്കന്‍ ഭാഗത്തേക്കും വിതരണത്തിന് ഉപയോഗിക്കാമായിരുന്നു. ചുരുങ്ങിയ ചെലവില്‍ ഇവസം രക്ഷിക്കാന്‍ കഴിയുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഉജ്ജയി വേണുഗോപാല്‍ പറഞ്ഞു. കുട്ടികള്‍ക്ക് നീന്തം പഠിക്കാനും വളരെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കുളങ്ങള്‍ സംരഷിക്കാന്‍ നഗരസഭ അഞ്ച് ലക്ഷം രൂപയും ജല സഭയ്ക്കായി ആറ് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ സന്നദ്ധ പ്രവര്‍ത്തനവും തൊഴിലുറപ്പ് തൊഴിലാളികളും ഉദാരമതികളുടെ സഹായവും കൂടി ലഭിച്ചാല്‍ മുഴുവന്‍ കുളങ്ങളും കിണറുകളും സംരക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ കൈ എടുക്കാന്‍ കൗണ്‍സിലര്‍മാരുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഗ്രാമസഭയില്‍ ചര്‍ച്ചയും തീരുമാനവും ഉണ്ടാകാറുണ്ടെങ്കിലും തുടര്‍ന്ന് പ്രയോഗികപ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങുകയാണ്. പരമ്പരാഗതമായ ഈ ജല സ്രോതസ്സുകള്‍ സംരക്ഷിച്ചാല്‍ മാത്രമേ നഗരത്തെ ജല സമൃദ്ധിയിലേക്ക് മുന്നേറാന്‍ കഴിയൂ എന്നാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്.