ഊരള്ളൂരിലെ പോസ്റ്റ് ഓഫീസിൽ എന്തെങ്കിലും ആവശ്യത്തിനായി പോകാറുണ്ടോ? അൽപ്പം സാഹസികത കാട്ടാനുള്ള ധൈര്യം വേണം; ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ പരിതാപകരമായി പോസ്റ്റ് ഓഫീസ്


അരിക്കുളം: ഇടിഞ്ഞുവീഴാറായ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ ഓഫീസ്, കയറി ചെല്ലാൻ പഴക്കമുള്ള തടിയുടെ ഏണിപ്പടി, ഊരള്ളൂരിലെ പോസ്റ്റ് ഓഫീസിൽ കയറി ചെല്ലാൻ അൽപ്പം പാടുപെടും, പ്രത്യേകിച്ച് പ്രായം ചെന്നവർ. അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂർ പോസ്റ്റ് ഓഫീസിന്റെ സ്ഥിതിയാണ് ഏറെ പരിതാപകരമായ നിലയിൽ തുടരുന്നത്.

‘ഈ ഓഫീസിൻറെ മുകളിൽ കയറി ചെല്ലുക എന്നത് തന്നെ ഒരു വലിയ സാഹസികമാണ്, പ്രത്യേകിച്ച് തൊഴിലാളികൾക്കും പ്രായം ചെന്നവർക്കും. വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ് പോസ്റ്റ് ഓഫീസിൽ എത്തുന്നത്. ഏറെ നാളുകളായി ഈ അവസ്ഥയിൽ തുടർന്നിട്ടും യാതൊരു വിധ പരിഹാര നടപടികളും എടുത്തിട്ടില്ല, ഇരുപത്തിയഞ്ചു വർഷത്തിലേറെയായ തടിയുടെ ഗോവേണിയാണ് ഇപ്പോഴും ഇവിടെ മുകളിലേക്ക് കയറാൻ ഉപയോഗിക്കുന്നത്.

‘കാലം മാറി പുതിയ ടെക്നോളജികൾ നമ്മുടെ രാജ്യത്ത് വന്നു എന്നിട്ടും നമ്മുടെ ഊരള്ളൂർ പോസ്റ്റ് ഓഫീസ് 45 വർഷം പിറകിൽ തന്നെയാണെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് റിയാസ് ഊട്ടേരി പറഞ്ഞു. കുട്ടികൾക്കും പ്രായം ചെന്നവർക്കും കയറിച്ചെല്ലാൻ പാകത്തിൽ ഉള്ള കോൺക്രീറ്റ് ബിൽഡിങ്ങുകൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ടായിട്ടും പോസ്റ്റ് ഓഫീസിനു ഇവിടെ നിന്നൊരു മോചനം നല്കാൻ എന്താണ് തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയപാർട്ടികളും ഉത്തരവാദപ്പെട്ട ഡിപ്പാർട്ട്മെന്റും ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടുകയും ഊരളളൂർ പോസ്റ്റ് ഓഫീസിനെ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.