നാട്ടുകാര്‍ ഒരുമിച്ചു; സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന ഒറ്റക്കണ്ടം ചെറോല്‍ പുഴ പ്രദേശം ക്ലീനായി


ഊരളളൂര്‍: കാട് മൂടിക്കിടന്നിരുന്ന ഒറ്റക്കണ്ടം ചെറോല്‍ പുഴ പ്രദേശം യുവാക്കളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. അരകിലോമീറ്ററോളം കാട് മൂടിക്കിടന്നതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ സ്ഥിരം താവളമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.

പകലും രാത്രിയുമെന്നോണം പരസ്യ മദ്യപാനവും മറ്റും സ്ഥിരമായതോടെയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. അരകിലോമീറ്ററോളമാണ് കാട് വെട്ടി വൃത്തിയാക്കിയിട്ടുളളത്.

സിറാജ് ഗാലന്റ്, വിജീഷ് ഒറ്റക്കണ്ടം, അന്‍സാര്‍ പടിയാത്തിങ്കല്‍, ദീപന്‍ ഊരള്ളൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ യുവാക്കള്‍ ശുചീകരിക്കുകയായിരുന്നു. ഇനിയും പ്രദേശത്ത് പരസ്യ മദ്യപാനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി നേരിടാനാണ് നാട്ടുകാരുടെ തീരുമാനം.