ജവാന്‍ ഉള്‍പ്പെടെയുള്ള ബ്രാന്റുകള്‍ക്ക് വില ഉയരും; സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് പത്തുമുതല്‍ 50 രൂപവരെ വര്‍ധിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വില കൂടും. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുക. ബെവ്‌കോയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സ്പിരിറ്റ് വില വര്‍ദ്ധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ബെവ്‌കോ നിയന്ത്രണത്തില്‍ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന ജവാന്‍ റം വില 640 രൂപയില്‍ നിന്ന് 650 ആക്കി ഉയര്‍ത്തി. ബിയറുകള്‍ക്ക് 20 രൂപ വരെ വില കൂടി. പ്രീമിയം ബ്രാന്റികള്‍ക്ക് 130 രൂപ വരെ കൂടിയിട്ടുണ്ട്.

പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കി. ചില ബ്രാന്റ് മദ്യത്തിന് മാത്രമാണ് വില വര്‍ധന. 62 കമ്പനികളുടെ 341 ബ്രാന്റുകള്‍ക്ക് വില വര്‍ധിക്കും. അതേസമയം ചില ബ്രാന്റുകളുടെ വില കുറയും. 45 കമ്പനികളുടെ 107 ബ്രാന്റുകള്‍ക്കാണ് വില കുറയുക. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിന്റെ വില വര്‍ധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. എഥനോള്‍ വില കൂടിയതാണ് മദ്യ വില കൂടാന്‍ കാരണമായി പറയുന്നത്. ഇതേ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാണ് പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കിയത്. പാലക്കാട് ബ്രൂവറി തുടങ്ങി എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനായാല്‍ സംസ്ഥാനത്ത് മദ്യവിലയിലും ഇത് പ്രതിഫലിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.