ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും; സ്ഥിരീകരിച്ച് കായിക മന്ത്രി


തിരുവനന്തപുരം: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. സ്‌പെയിനില്‍ അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘അര്‍ജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങള്‍ സ്‌പെയിനിലേക്കു പോയിരുന്നു. സ്‌പെയിനില്‍വച്ച് ചര്‍ച്ച നടത്തി. 2025ല്‍ ഇന്ത്യയില്‍ അര്‍ജന്റീനയുടെ സൗഹൃദമത്സരം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാറിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതു കൊണ്ടുതന്നെ സാമ്പത്തിക സഹകരണം ആവശ്യമാകും. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേര്‍ന്ന് മത്സരം സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരം നടത്തുക’ -മന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷമാണ് അര്‍ജന്റീന ടീം എത്തുക. മത്സര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. എതിര്‍ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. സര്‍ക്കാര്‍ സഹായത്തിലാകും മത്സരം നടത്തുക. മഞ്ചേരി സ്‌റ്റേഡിയത്തില്‍ 20,000 കാണികളേ പറ്റൂ. അതുകൊണ്ടാണ് കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒന്നര മാസത്തിനകം അര്‍ജന്റീന ടീം പ്രതിനിധികള്‍ കേരളത്തില്‍ വരും. സര്‍ക്കാറും അര്‍ജന്റീന ടീമും ചേര്‍ന്ന് മത്സരത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീനയും നേരിടാനുള്ള ടീമും കേരളത്തില്‍ മത്സരിക്കുന്നതിന്റെ ചെലവു മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണു തീരുമാനം. നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

കേരളത്തിലെ ഫുട്ബാള്‍ പ്രേമികളെ സംബന്ധിച്ച് വലിയ സന്തോഷം നല്‍കുന്നതാണ് അര്‍ജന്റീനയുടെ വരവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് അര്‍ജന്റീന. ജനകീയ മത്സരമായി നടത്താനാണ് സര്‍ക്കാര്‍ നീക്കം. അര്‍ജന്റീനക്കെതിരെ കളിക്കുന്ന എതിര്‍ ടീം വിദേശ ടീമായിരിക്കും. രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ഏഷ്യയിലെ പ്രമുഖ ടീമിനെത്തന്നെ അര്‍ജന്റീനയെ നേരിടാന്‍ ഇറക്കാനാണു സാധ്യത.

ഇതിനു മുമ്പ് 2011ലാണ് മെസ്സിയും അര്‍ജന്റീന ടീമും ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ സൗഹൃദ മത്സരമാണ് കളിച്ചത്. നേരത്തേ സെപ്റ്റംബറില്‍ സ്പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബാള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.

Summary: Lionel Messi and Argentina team will arrive in Kerala; Confirmed by Sports Minister