പ്രവര്‍ത്തന മികവിന് വീണ്ടും അംഗീകാരം; നന്തി സ്വദേശി ലിബീഷ് എ.കെയ്ക്ക്‌ സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്ജ് ഓഫ് ഹോണര്‍’ പുരസ്‌കാരം


കൊയിലാണ്ടി: കേരളാ പോലീസിലെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരം നേടിയവരില്‍ നന്തി സ്വദേശിയും. കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലിബീഷ് എ.കെയാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്.

സംസ്ഥാന പോലീസ് സേനയിലെ വിവിധ മേഖലകളായ ഇന്‍വസ്റ്റിഗേഷന്‍, ക്രമസമാധാന പാലനം, അഡ്മിനിസ്‌ട്രേഷന്‍, സൈബര്‍ വിഭാഗം, ട്രാഫിക്, ഇന്റലിജന്‍സ്, ടെലി കമ്മ്യൂണിക്കേഷന്‍, സോഷ്യല്‍ പോലീസിംഗ്, വിരലടയാള വിഭാഗം മുതലായ വിഭാഗത്തില്‍ പ്രവര്‍ത്തന മികവ് തെളിയിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് ഓരോ വര്‍ഷവും നല്‍കി വരുന്ന പുരസ്‌കാരമാണ് ബാഡ്ജ് ഓഫ് ഹോണര്‍.

പതിനഞ്ചുവര്‍ഷമായി പൊലീസ് സേവനരംഗത്തുണ്ട് ലിബീഷ്. 2009-2015 വരെ ക്രൈം റെക്കോര്‍ഡ് വിഭാഗത്തിലായിരുന്നു സേവനമനുഷ്ഠിച്ചത്. പിന്നീട് രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് മാറി.

നന്തി അന്നവയല്‍ക്കുനി ഭാസ്‌കരന്റെയും ലീലയുടെയും മകനാണ്. ഭാര്യ വിന്‍സി മൂടാടി കൃഷി ഭവനില്‍ അസിസ്റ്റന്റ് കൃഷി ഓഫീസറാണ്. വിദ്യാര്‍ഥികളായ നീലാഞ്ജന, നവതേജ് എന്നിവര്‍ മക്കളാണ്.

കോഴിക്കോട് സിറ്റി പോലീസില്‍ നിന്നും നാലു പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. ഫെബ്രുവരി 6ന് തിരുവനന്തപുരത്തുള്ള പോലീസ് ട്രെയിനിംഗ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യുന്നതായിരിക്കും.