‘ക്ലാസ്സിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തിക്കൂടേ’; ലിംഗ സമത്വം ഉറപ്പാക്കാൻ പുതിയ നിർദേശവുമായി പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതി


തിരുവനന്തപുരം: ലിംഗ സമത്വം ഉറപ്പാക്കുവാൻ പുതിയ നിർദ്ദേശവുമായി പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതി. സ്കൂളുകളിൽ ആൺ കുട്ടികളെയും പെൺ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്നതാണ് നിർദേശം.

എസ്.സി.ഇ.ആർ.ടി തയ്യാർ ആക്കിയ കരട് റിപ്പോർട്ടിലാണ് ഈ നിർദേശം മുന്നോട്ടു വച്ചത്. കരട് റിപ്പോർട്ടിന്മേൽ ചർച്ച ഉയർന്നതോടെ ഇത് വിവാദത്തിനു വഴിയൊരുക്കുമെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്കൂളുകളെല്ലാം ആൺ പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ ആക്കണമെന്നും, ജന്‍റർ യൂണിഫോം നടപ്പാക്കുന്നതിനും പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പാക്കാനുള്ള പുതിയ നിർദേശം.

ലിംഗ നീതിക്കായി ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചർച്ചയാക്കണമെന്നാണ് നിർദേശം. പൊതു വിദ്യാഭ്യാസ സെക്രട്ടറിയും പൊതു വിദ്യാഭ്യാസ ഡയറക്ടറും അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമടങ്ങുന്ന സമിതി കരട് റിപ്പോർട്ടിന്മേൽ ചർച്ച ചെയ്താവും അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക.

summary: Let boys and girls sit on the same bench in class, scert new proposal to ensure gender equality