റോഡ് നിര്‍മ്മാണത്തിനായി കുഴിച്ചപ്പോള്‍ ഗെയില്‍ വാതക പൈപ്പ് പൊട്ടി; ബാലുശ്ശേരിയില്‍ വാതക ചോര്‍ച്ച, ആശങ്ക വേണ്ടെന്ന് അധികൃതര്‍


ബാലുശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ പൊട്ടി വാതകം ചോര്‍ന്നു. റോഡ് നിര്‍മ്മാണ പ്രവൃത്തിയ്ക്കിടെ കുഴിയെടുത്തപ്പോഴാണ് ഇന്ത്യന്‍ ഓയില്‍-അദാനി പൈപ്പ് ലൈന്‍ പൊട്ടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി.

കരുമലയില്‍ പ്രധാന പൈപ്പില്‍ നിന്ന് വീട്ടിലേക്കുള്ള പൈപ്പിലാണ് ചോര്‍ച്ചയുണ്ടായത്. കുഴിയെടുക്കുന്നതിനിടെ ഗ്യാസ് പൈപ്പ് ലൈനില്‍ തട്ടിയാണ് ചോര്‍ച്ചയുണ്ടായത്. പൈപ്പ് മണ്ണിന് പുറത്തേക്ക് വന്നു.

പ്രദേശത്ത് ഗ്യാസിന്റെ മണം പരന്നതോടെയാണ് വാതക ചോര്‍ച്ച നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. ആര്‍ക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് ആയതിനാല്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. അഗ്നിശമന സേനയും പൊലീസും സ്ഥലത്തുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.