‘അഭിഭാഷകരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക’; കൊയിലാണ്ടിയില്‍ പ്രതിഷേധവുമായി ലോയേഴ്‌സ് യൂനിയന്‍


കൊയിലാണ്ടി: കേരള ബാര്‍ കൗണ്‍സിലിന്റെ ഭരണ സമിതി പിരിച്ചുവിട്ട് ഏകപക്ഷീയമായി പുതിയ ഭാരവാഹികളെ നിയമിച്ച ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ആള്‍ ഇന്ത്യലോയേഴ്‌സ് യൂനിയന്‍ പ്രതിഷേധ കൂട്ടായമകള്‍ സംഘടിപ്പിച്ചു.

അഭിഭാഷകരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, കേന്ദ്ര ബാര്‍ കൗണ്‍സിലിന്റെ പിന്‍വാതില്‍ ഭരണം അവസാനിപ്പിക്കുക, ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്തുക, എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ലോയേഴ്‌സ് യൂനിയന്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കോഴിക്കോട് ജില്ലയിലെ വിവിധ കോടതി കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടന്നു. കൊയിലാണ്ടി കോടതിയില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് ഒ. പ്രവീണ്‍ അധ്യക്ഷനായി പി. പ്രശാന്ത്, ടി.കെ. രാധാകൃഷ്ണന്‍, കെ.ടി ശ്രീനിവാസന്‍, കെ.കെ. ലക്ഷ്മി ഭായ്, എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി. ജെതിന്‍ സ്വാഗതവും പി.കെ. സുഭാഷ് നന്ദിയും പറഞ്ഞു.