ഷിരൂരിലെ മണ്ണിടിച്ചില്‍; ഈശ്വര്‍ മാല്‍പെയുടെ തിരച്ചിലില്‍ ലോഹഭാഗം കണ്ടെത്തി, നാവികസേനയും ഇന്ന് തിരച്ചിലിനിറങ്ങും


ബംഗളുരു: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന നടത്തുകയാണ്.

ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് വാഹനത്തിന്റെ ഉടമ മനാഫ് പറഞ്ഞു. ഇത് അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ഭാഗമായിരിക്കാമെന്നാണ് കരുതുന്നത്.

അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് ഈശ്വര്‍ മാല്‍പെ ഇന്ന് തിരച്ചില്‍ നടത്തുന്നത്. ജാക്കി കണ്ടെത്തിയ സ്ഥലത്തുനിന്നും എഴുപത് മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്തും പരിശോധനയുണ്ട്.

തിരച്ചിലിനായി ഇന്ന് നാവിക സേനയും ഇറങ്ങുമെന്ന് കാര്‍വര്‍ എസ്പി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചില്‍ നടത്താന്‍ അനുമതി ലഭിച്ചിരുന്നില്ല. പൂര്‍ണ തോതിലുള്ള ഒരു തെരച്ചില്‍ ആകും ഇന്ന് തുടങ്ങുക.

ഗംഗാവലി പുഴയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ തെരച്ചില്‍ എളുപ്പമാകുമെന്നാണ് ഈശ്വര്‍ മാല്‍പെയുടെ വിലയിരുത്തല്‍. ഇന്നലെ ലോറിയുടെ ഒരു ഭാഗം കണ്ടെത്താനായത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കൂടുതല്‍ പേര്‍ എത്തി തെരച്ചില്‍ നടത്തുന്നത് കൊണ്ട് പ്രതീക്ഷ ഉണ്ടെന്നും അര്‍ജുന്റെ കുടുംബം അറിയിച്ചു.