കനത്ത മഴയില്‍ കക്കയത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; വ്യാപക നഷ്ടം


ബാലുശ്ശേരി: കനത്ത മഴയില്‍ കക്കയത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. കക്കയം 27-ാം മൈലിലും, 28-ാം മൈലിലുമാണ്‌ ഇന്നലെ രാത്രിയോടെ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്‌.

കളത്തിങ്ങല്‍ മുജീബിന്റെ വീടിന് സമീപത്താണ് സംഭവം. മുജീബിന്റ അമ്പതോളം കവുങ്ങുകളും സമീപത്തെ കോഴിഫാമും പൂര്‍ണമായും തകര്‍ന്നു.

അപകടസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. രാത്രി തിരിച്ചെത്തിയപ്പോഴാണ് ഉരുള്‍പൊട്ടിയത് കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക്‌ മാറി താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് കവുങ്ങളും മറ്റും നശിച്ചത് കണ്ടത്.

നിലവില്‍ വീടും അപകടാവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇന്നലെ  വൈകിട്ട് ആറ് മണിവരെ കക്കയം മേഖലയില്‍ അതിശക്തമായ മഴ പെയ്തിരുന്നു. 28-ാം മൈലിലാണ്‌ കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്‌ ഉണ്ടായത്. റോഡിലേക്ക് മണ്ണും കല്ലും വീഴുകയായിരുന്നു.