താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; 5 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


കോഴിക്കോട്: താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. താമരശ്ശേരി -മുക്കം സംസ്ഥാന പാതയില്‍ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപം ഇന്നലെ രാത്രി 12മണിയോടെയായിരുന്നു അപകടം.

കോടഞ്ചേരി തെയ്യാപ്പാറ സ്വദേശി ആഷ്ടോ, മൈക്കാവ് സ്വദേശികളായ ആൽബർട്ട്, ആൽബിൽ, ജിയോ, മൈക്കാവ് സ്വദേശി ബെയ്സിലി എന്നിവര്‍ക്കാണ് പരിക്കേറ്റത്‌. ബെയ്സിലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നടപ്പാതയുടെ സ്ലാബ് തകർത്ത് സമീപത്തെ മതിലിൽ ഇടിച്ചു കയറുകയായിരുന്നു.