മുത്താമ്പിയിൽ കനാലിന്റെ അരികിനോട് ചേർന്ന് മതിൽ കെട്ടി സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറ്റം; പരാതിയുമായി പ്രദേശവാസികൾ



കൊയിലാണ്ടി:
മുത്താമ്പി ടൗണിന് പിന്നിലൂടെയുളള കൈകനാലിനോടനുബന്ധിച്ചുളള ജലസേചന വകുപ്പിന്റെ സ്ഥലം വ്യാപകമായി കയ്യേറുന്നതായി ഇറിഗേഷന്‍ വകുപ്പിന് പ്രദേശവാസികളുടെ പരാതി. കനാലിന്റെ അരികിനോട് ചേര്‍ന്ന് മതില്‍ കെട്ടി സ്ഥലം കയ്യേറുകയാണ് ചെയ്യുന്നത്.

ഇതിനെതിരെ സമീപ വാസികള്‍ മൈനര്‍ ഇരിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി പ്രകാരം നടപടിയെടുക്കാന്‍ കൊയിലാണ്ടി നഗരസഭാധികൃതരോട് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടതായാണ് വിവരം.

ഈ കനാല്‍ പലയിടത്തും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് നാശത്തിലേക്ക് നീങ്ങുകയാണ്. വേനല്‍ കാലത്ത് മുത്താമ്പി, വടപ്പുറം കുനി ഭാഗത്തേക്ക് കനാല്‍വെളളമെത്തുന്ന കനാലാണിത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍,കുപ്പികള്‍ എന്നിവയെല്ലാം ഈ കനാലിലേക്ക് വലിച്ചെറിഞ്ഞ് കനാല്‍ തന്നെ ഇല്ലാതാക്കുനുളള ശ്രമവും നടക്കുന്നുണ്ട്. മുമ്പൊക്കെ ആളുകള്‍ കനാല്‍ വശത്തിലൂടെ കാല്‍ നടയായി പോകാറുണ്ടായിരുന്നു.

കനാല്‍ ഓരത്ത് മതില്‍കെട്ടിയതോടെ കാല്‍നട യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. കനാല്‍ ഭൂമി സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അനധികൃത കയ്യേറ്റം തടയണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.