കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ലക്ഷ്യ ലക്ഷ്യംകാണുന്നു; ശസ്ത്രക്രിയ്ക്കും പ്രസവചികിത്സയ്ക്കും തിരക്കേറുന്നു


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവസശുശ്രൂഷകള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്നു. ഗൈനക്കോളജി, പീഡിയാട്രിക്, അനസ്‌തേഷ്യ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിച്ചതോടെ സിസേറിയന് അടക്കം കൂടുതല്‍ ആളുകള്‍ ഇവിടെ തുടരുന്നുണ്ട്.

ജൂണിലും മെയിലുമായി രണ്ട് സിസേറിയനുകള്‍ ഇവിടെ നടന്നു. സാധാരണ പ്രസവത്തിനും പ്രസവം നിര്‍ത്തുന്ന ശസ്ത്രക്രിയകള്‍ക്കും കൂടുതല്‍ ആളുകള്‍ ഇവിടെയെത്തുന്നുണ്ടെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോള്‍ പ്രസവം നിര്‍ത്തുന്ന ശസ്ത്രക്രിയകള്‍ നടത്താറുണ്ട്. പത്തിലേറെപ്പേര്‍ ഇതിനായി സമീപിക്കുന്ന സ്ഥിതി നിലവിലുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

2021 നവംബര്‍ 20നാണ് ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള പ്രസവമുറി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തോളം ഇവിടെ പ്രസവമൊന്നും നടന്നിരുന്നില്ല. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും രോഗികളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതുമായിരുന്നു ഇതിനു കാരണം.

പിന്നീട് പ്രസവമടക്കമുള്ള കാര്യങ്ങള്‍ നടന്നെങ്കിലും രാത്രി സമയത്തടക്കം ഡോക്ടര്‍മാരെ ഉറപ്പാക്കാനാവാത്തതിനാല്‍ കൂടുതല്‍ ആളുകള്‍ ആശുപത്രിയെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിലായി പതിനാല് ബെഡുകളാണ് ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള പ്രസവമുറിയില്‍ ഉള്ളത്. ബെഡ് മുഴുവന്‍ രോഗികളുള്ള സ്ഥിതിയും അടുത്തിടെയായുണ്ട്.

നാല് ഗൈനക്കോളജിസ്റ്റുകളും ഒരു പീഡിയാട്രീഷ്യനും അനസ്‌ത്യേഷ്യാ ഡോക്ടറുമുണ്ടെങ്കിലേ ലക്ഷ്യ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാനാവൂ. നിലവില്‍ രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ മാത്രമാണുള്ളത്. എന്‍.ആര്‍.എച്ച്.എമ്മില്‍ നിന്നും ഒരു ഡോക്ടറെക്കൂടി അനുവദിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് അനുമതിയായിട്ടുണ്ട്. ഒരു ഡോക്ടര്‍കൂടി വരുമ്പോള്‍ കുറേക്കൂടി മെച്ചപ്പെട്ട സേവനം നല്‍കാനാകുമെന്നാണ് പ്രതീക്ഷ.

കൊയിലാണ്ടി താലൂക്കില്‍പ്പെടുന്ന പഞ്ചായത്തുകളും നഗരസഭകളും തീരദേശ മേഖലയില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. നവജാതശിശുക്കളുടെ പരിചരണത്തിനുള്ള സംവിധാനവും പീഡിയാട്രിക് ഐ.സി.യുവും ആശുപത്രിയില്‍ സജ്ജമാണ്.