ആട്, കോഴി, പന്നി വളർത്താൻ താൽപ്പര്യമുണ്ടോ; സബ്സിഡി ലഭിക്കുന്ന ലക്ഷങ്ങളുടെ പദ്ധതികളുണ്ട്, വിശദമായി അറിയാം


Advertisement

തിരുവനന്തപുരം: ആട്, പന്നി, കോഴി കർഷകർക്ക് ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന പദ്ധതിയുമായി ദേശീയ കന്നുകാലി മിഷൻ. എല്ലാ പദ്ധതികള്‍ക്കും 50 ശതമാനം സബ്സിഡിയുണ്ട്. എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്.

നിലവിൽ ആട്, കോഴി, പന്നി വളർത്തല്‍ പദ്ധതിക്ക് കേരളത്തില്‍ അപേക്ഷകർ കുറവാണ്. ദേശീയ കന്നുകാലി മിഷന്റെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്ര പദ്ധതിക്ക് മൂന്നു വർഷത്തിനിടെ അപേക്ഷിച്ചത് അമ്പതോളം പേർ മാത്രമാണ്.

Advertisement

വ്യക്തിഗത സംരംഭകർ, സ്വയംസഹായ സംഘങ്ങള്‍, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, ഫാർമർ കോപ്പറേറ്റീവ് ഓർഗനൈസേഷൻ എന്നിവർക്ക് പദ്ധതിക്ക് അപേക്ഷിക്കാം. പദ്ധതിക്ക് ആവശ്യമായ ഭൂമി സംരംഭകർ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കണ്ടെത്തണം. പത്തുശതമാനം തുക സംരംഭകരുടെ പക്കല്‍ വേണം.

ദേശീയ കന്നുകാലി മിഷനാണ് പദ്ധതിക്ക് പണം അനുവദിക്കുന്നത്. സംസ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോർഡിനാണ് പദ്ധതി നിർവഹണച്ചുമതല. തീറ്റപ്പുല്‍ സംസ്കരണത്തിനും പണം ലഭിക്കും.

Advertisement

ആട് വളർത്തല്‍ സബ്സിഡി

100 പെണ്ണാട്, അഞ്ച് മുട്ടനാട് – 10 ലക്ഷം

200 പെണ്ണാട്, 10 മുട്ടനാട് – 20 ലക്ഷം

300 പെണ്ണാട്, 15 മുട്ടനാട് – 30 ലക്ഷം

400 പെണ്ണാട്, 20 മുട്ടനാട് – 40 ലക്ഷം

500 പെണ്ണാട്, 25 മുട്ടനാട് – 50 ലക്ഷം

കോഴി വളർത്തല്‍ സബ്സിഡി

1,000 പിടക്കോഴി,100 പൂവൻകോഴി – 25 ലക്ഷം

പന്നി വളർത്തല്‍ സബ്സിഡി

50 പെണ്‍പന്നി, 5 ആണ്‍പന്നി – 15 ലക്ഷം

100 പെണ്‍പന്നി, 10 ആണ്‍പന്നി – 30 ലക്ഷം

Advertisement

ആവശ്യമായ രേഖകള്‍

ഭൂമിയുടെ ഉടമസ്ഥാവകാശരേഖ അല്ലെങ്കില്‍ പാട്ടച്ചീട്ട്. മേല്‍വിലാസം തെളിയിക്കുന്നതിന് ആധാർ കാർഡ്, തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയല്‍ കാർഡ്, കറന്റ് ബില്‍ തുടങ്ങിയവ നല്‍കാം. ഫോട്ടോ, ചെക്കും ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും മുൻപരിചയ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ പരിശീലന സർട്ടിഫിക്കറ്റ്, പാൻകാർഡ്, വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയും വേണം.

www.nlm.udyamimitra.in എന്ന കേന്ദ്രസർക്കാർ പോർട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. സംശയനിവാരണത്തിന് കെ.എല്‍.ഡി. ബോർഡിന്റെ തിരുവനന്തപുരം ഓഫീസിലേക്കു വിളിക്കാം. 0471 2449138.