മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; വിസ നിയമം പരിഷ്‌കരിച്ച് കുവൈറ്റ്, നിയമം നിലവില്‍ വന്നതിന് പിന്നാലെ തള്ളിയത് 1165 അപേക്ഷകള്‍
കുവൈത്ത് സിറ്റി: മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈറ്റിലെ പുതിയ വിസ നിയമം. പരിഷ്‌കരിച്ച നിയമപ്രകാരം മാതാപിതാക്കളെയും സഹോദരങ്ങളെയും കുവൈത്തിലേക്ക് കൊണ്ടുവരാന്‍ പ്രവാസികള്‍ക്ക് ഇനി സാധിക്കില്ല.
ബിരുദവും 800 ദിനാര്‍ ശമ്പളവും ബിരുദത്തിന് അനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികള്‍ക്ക് മാത്രം ഫാമിലി വിസ നല്‍കിയാല്‍ മതിയെന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
പരിഷ്‌കരിച്ച പുതിയ വിസ നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ 1165 ഫാമിലി വിസ അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് തള്ളി. ഫാമിലി വിസയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്ത് എത്തിക്കാന്‍ സമര്‍പ്പിച്ചവരുടെ അപേക്ഷയാണ് അധികൃതര്‍ തളളിയത്. ജീവിത പങ്കാളി, 14 വയസിന് താഴെയുള്ള മക്കള്‍ എന്നിവര്‍ക്ക് മാത്രമാണ് ഫാമിലി വിസയില്‍ രാജ്യത്ത് പ്രവേശനമുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
പങ്കാളികളെയും മക്കളെയും കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസ അപേക്ഷയില്‍ വിവാഹ, ജനന, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അതത് രാജ്യങ്ങളിലെ എംബസിയില്‍ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകള്‍ എന്നിവയാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്.