കടുത്ത വേനലിന് ആശ്വാസം; കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍ തുറന്നു, ആദ്യം വെള്ളമെത്തുക കൊയിലാണ്ടി ഭാഗത്ത്
പേരാമ്പ്ര: കടുത്ത വേനലിന് ആശ്വാസമായി കുറ്റ്യാടി ജലസേചനപദ്ധതിയിലെ കനാലിലേക്ക് പെരുവണ്ണാമൂഴി ഡാമില്‍നിന്നുള്ള ജലവിതരണം തുടങ്ങി. പദ്ധതി നിര്‍മ്മാണ ഘട്ടത്തില്‍ ജീവന്‍ പൊലിഞ്ഞവരെ അനുസ്മരിച്ചു പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കനാല്‍ തുറന്നത്. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു കെ ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് അണക്കെട്ടിനുള്ളിലെ ലിവര്‍ തിരിച്ച് ഷട്ടര്‍ ഉയര്‍ത്തി പ്രധാന കനാലിലേക്ക് ജലം ഒഴുക്കിയത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് ഡാമില്‍നിന്ന് ഇടതുകര പ്രധാന കനാലിലേക്ക് വെള്ളം തുറന്നുവിട്ടത്. കൊയിലാണ്ടി ഭാഗത്തേക്കാണ് ഇതുവഴി ആദ്യം വെള്ളമെത്തുക. മാര്‍ച്ച് മൂന്നോടെ വടകര താലൂക്കിലേക്ക് വെള്ളമെത്തിക്കുന്ന വലതുകര കനാലും തുറക്കും. പല പാടശേഖരങ്ങളും വറ്റിവരണ്ടുതുടങ്ങിയതിനാല്‍ കനാല്‍ വേഗംതുറക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. കനാല്‍ തുറക്കുന്നതോടെ കുടിവെള്ളപ്രശ്‌നത്തിനും പരിധിവരെ പരിഹാരമാകും.
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാരായ വി അരവിന്ദാക്ഷന്‍, കെ രഞ്ജിത്ത്, കെ.ടി സുജാത, അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായ കെ.ടി അര്‍ജുന്‍, വി.പി അശ്വിന്‍ദാസ്, വി.കെ അശ്വതി, കെ.പി പ്രമിത എന്നിവരും കനാല്‍ തുറക്കുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കി.
ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാരായ സി.എച്ച്. ഹബി, കെ. ഫൈസല്‍ എന്നിവരും പങ്കെടുത്തു.