വടകര മേഖലയിലേക്ക് വെള്ളമെത്തുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാല്‍ തുറന്നു; കൊയിലാണ്ടി, പേരാമ്പ്ര മേഖലകളിലേക്കുള്ള ഇടതുകര കനാല്‍ നാളെ തുറക്കും
പേരാമ്പ്ര: വടകര മേഖലയിലേക്ക് വെള്ളമെത്തുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര പ്രധാന കനാല്‍ തുറന്നു. കൊയിലാണ്ടി, പേരാമ്പ്ര, കക്കോടി മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന ഇടതുകര പ്രധാന കനാല്‍ ഫെബ്രുവരെ എട്ടിന് തുറക്കും. തിരുവങ്ങൂര്‍ ബ്രാഞ്ച് കനാല്‍ ഫെബ്രുവരി 26നാണ് തുറക്കുക. ഇതോടെ എല്ലാ ബ്രാഞ്ച് കനാലിലും വെള്ളമെത്തും.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നേരത്തേയാണ് കനാല്‍ തുറന്നത്. 15 സെന്റീമീറ്ററാണ് ആദ്യദിനത്തില്‍ ജലവിതരണത്തിന് ഷട്ടര്‍ ഉയര്‍ത്തിയത്. ഇതോടെ സെക്കന്‍ഡില്‍ 2.36 ഘനമീറ്റര്‍ വെള്ളം കനാലിലേക്ക് ഒഴുകും.
പെരുവണ്ണാമൂഴി ഡാം മേഖലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ പ്രധാന കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം പട്ടാണിപ്പാറ ഭാഗത്തുനിന്നുമാണ് ഇരുകനാലുകളിലേക്കും വെള്ളം പ്രവഹിക്കുന്നത്. രണ്ട് പ്രധാന കനാല്‍, പത്ത് ബ്രാഞ്ച് കനാല്‍ ഡിസ്ട്രിബ്യൂട്ടറികള്‍ ഉള്‍പ്പെടെ ജില്ലയിലെ മൂന്ന് താലൂക്കുകളിലുമായി 603 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയതാണ് കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍.
ജില്ലയില്‍ മൂന്ന് താലൂക്കുകളിലെ 44 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോഴിക്കോട് കോര്‍പ്പറേഷനിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. കനാല്‍ തുറക്കുന്നതോടെ ജലസ്രോതസ്സുകളില്‍ വെള്ളമെത്തി കുടിവെള്ളത്തിന്റെയും കൃഷിയാവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെയും ആവശ്യകത നിറവേറ്റാനാവും.
കുറ്റ്യാടി ജലസേചനപദ്ധതി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ യു.കെ. ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാരായ പി.കെ. ബിജു, വി. അരവിന്ദാക്ഷന്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായ കെ.ടി. അര്‍ജുന്‍, പി.വി. അജയ് ചന്ദ്രന്‍, വി.വി. സുഭിഷ വി.കെ. അശ്വതി, വി.പി. അശ്വിന്‍ദാസ്, കെ.പി. പ്രമിത എന്നിവര്‍ നേതൃത്വം നല്‍കി.