”തോല്‍ക്കുമെന്ന് വരുമ്പോള്‍ ‘മതായുധം’ പുറത്തെടുക്കാന്‍ ലീഗിലെ തീവ്രന്‍മാര്‍ക്ക് യാതൊരു മടിയുമില്ല, വടകരയില്‍ ലീഗ് കളിച്ച തീക്കളി”; വിമര്‍ശനവുമായി കെ.ടി ജലീല്‍
വടകര: 2024ലെ വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യു.ഡി.എഫ് മുച്ചൂടും വര്‍ഗീയവത്കരിച്ചുവെന്ന പേരിലാകും ചരിത്രത്തില്‍ ഇടംനേടുകയെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. തെരഞ്ഞെടുപ്പിനെ മുസ് ലിം ലീഗ് വര്‍ഗീയ വത്കരിച്ചുവെന്നാണ് ‘വടകരയില്‍ ലീഗ് കളിച്ച തീക്കളി’ എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ ജലീല്‍ വിമര്‍ശിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ വിമര്‍ശനം.
കെ.ടി.ജലീലിന്റെ കുറിപ്പ് വായിക്കാം:
വടകരയില്‍ ലീഗ് കളിച്ച തീക്കളി
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാം സീറ്റ് കിട്ടിയില്ല. അവര്‍ ചോദിച്ച വടകര സീറ്റില്‍ ലീഗിന് കൂടി സമ്മതനായ ഒരാളെ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചു. ലീഗിന്റെ വിഭവശേഷി ആളായും അര്‍ത്ഥമായും പരമാവധി ഉപയോഗിച്ചു. വടകരയില്‍ കോണ്‍ഗ്രസ് ആദ്യമായിട്ടല്ല മല്‍സരിക്കുന്നത്. മുലപ്പള്ളിയും മുരളീധരനുമൊക്കെ അവിടെ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ രാഷ്ട്രീയമായാണ് ലീഗ് തെരഞ്ഞെടുപ്പിനെ കണ്ടത്.
മുന്‍തെരഞ്ഞെടുപ്പുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചയാണ് ഇത്തവണ വടകരയില്‍ കണ്ടത്. ഒരുതരം വന്യമായ ആവേശത്തോടെ കോടികള്‍ പൊടിച്ച് നടത്തിയ ആറാട്ടാണ് അവിടെ നടന്നത്. ലീഗും കോണ്‍ഗ്രസ്സിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ജനാധിപത്യ ഉത്സവത്തെ ഒരുതരം ‘മതോല്‍സവ’മാക്കി മാറ്റി. മതവികാരം ഇളക്കിവിട്ട് കൃത്രിമമായ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചു. വടകരയില്‍ തെരഞ്ഞെടുപ്പ് നടത്തിയത് കമ്മിറ്റികളല്ല. കോടികള്‍ പ്രതിഫലം പറ്റിയ ‘ഇവന്റ് മാനേജ്‌മെന്റ്’ ടീമായിരുന്നു.
ഷൈലജ ടീച്ചറെപ്പോലെ ക്രൂരമായ വ്യക്തിഹത്യക്ക് ഇരയായ ഒരു സ്ഥാനാര്‍ത്ഥി കേരളത്തില്‍ വേറെ ഉണ്ടാവില്ല. ‘കോവിഡ് കള്ളി’, ‘പെരുംകള്ളി’ എന്നെല്ലാമുള്ള പച്ചക്കള്ളങ്ങള്‍ക്കൊപ്പം അശ്ലീല ചുവയുള്ള നിരവധി വാക്കുകളും വീഡിയോ ക്ലിപ്പിംഗുകളും അവര്‍ക്കെതിരെ യൂത്ത്‌ലീഗ്-യൂത്ത് കോണ്‍ഗ്രസ്സ് സൈബര്‍ തെമ്മാടികള്‍ ഉപയോഗിച്ചു. നിപ്പയും കോവിഡും തിമര്‍ത്താടിയപ്പോള്‍ ഉലയാത്ത ടീച്ചറുടെ മനസ്സ് ഇന്നോളം കേള്‍ക്കാത്ത അപവാദങ്ങള്‍ കേള്‍ക്കേണ്ടി വന്നപ്പോള്‍ ആടി ഉലഞ്ഞ് കാണും. സി.പി.ഐ.എമ്മിനെതിരെ വാര്‍ത്ത ചമക്കാന്‍ ടീച്ചറെ ഒരുഘട്ടത്തില്‍ പാടിപ്പുകഴ്ത്തിയിരുന്ന മാധ്യമങ്ങള്‍ അവരുടെ തനിസ്വരൂപം കാണിച്ച് ”ടീച്ചര്‍വധത്തിന്’ എരുവും പുളിയും പകര്‍ന്നു.
ആരംഭം തൊട്ടേ സ്ഥാനാര്‍ത്ഥിക്ക് ഒരു മതനിറം കൊടുക്കാന്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കാണിച്ച അമിതാവേശം തീര്‍ത്തും അരോചകമായി തോന്നി. നോമ്പും പെരുന്നാളും പെരുന്നാള്‍ നമസ്‌കാരവും വെള്ളിയാഴ്ച ജുമഅയും തെരഞ്ഞെടുപ്പു കമ്പോളത്തില്‍ നല്ല വില്‍പ്പനച്ചരക്കാക്കി യു.ഡി.എഫ് മാറ്റി. വടകര മണ്ഡലത്തിന് പുറത്തുള്ള യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ ഒരുതരം കുത്തൊഴുക്കായിരുന്നു വടകരയിലേക്ക്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതക്ക് തീപിടിപ്പിച്ച ബി.ജെ.പിയുടെ മറുവശമായി ലീഗ് മാറി. ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ മാലപ്പടക്കത്തിന് അവര്‍ തീകൊളുത്തി. ചെകിടടിപ്പിക്കുന്ന ശബ്ദത്തോടെ അത് വടകര പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലുംമൂലയിലും പൊട്ടിത്തെറിച്ചു. പലപ്പോഴും വടകരയിലെ തെരഞ്ഞെടുപ്പ് രംഗം വര്‍ഗ്ഗീയ ചേരിതിരിവില്‍ വീര്‍പ്പുമുട്ടി. ബഹുസ്വരമാകേണ്ട പ്രചരണ സദസ്സുകളെല്ലാം ബി.ജെ.പിയുടേത് പോലെ ഏകമാനസ്വഭാവമുള്ളതായി മാറി. തെരഞ്ഞെടുപ്പിനെ സംഘ്പരിവാര്‍ കാവിയല്‍ക്കരിച്ച പോലെ വടകരയില്‍ ലീഗ്പ്രവര്‍ത്തകര്‍ ലോകസഭാ ഇലക്ഷന്‍ സമ്പൂര്‍ണ്ണമായും പച്ചവല്‍ക്കരിച്ചു.
ഇന്ത്യന്‍ കറന്‍സിയുടെ പേമാരി പെയ്യിക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്ന ഭാവത്തിലാണ് യു.ഡി.എഫിന്റെ പ്രചരണ കോലാഹലങ്ങള്‍ അരങ്ങു തകര്‍ത്തത്. മാന്യതയും ലാളിത്യവും അരികെപ്പോലും വരാതെ നോക്കാന്‍ അവര്‍ പ്രത്യേകം ജാഗ്രത കാട്ടി. രാത്രി പത്തുമണി കഴിഞ്ഞും ‘സ്ഥാനാര്‍ത്ഥി’യെ കാണാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നവരുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ചില പ്രത്യേക കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തു. മതേതര മനസ്സുള്ളവര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രീതിയും ശീലവുമാണ് വടകരയിലെ ലീഗ് കേന്ദ്രങ്ങളില്‍ അവര്‍ പുറത്തെടുത്തത്.
തവനൂരില്‍ ഒരു മില്യണിലധികം എഫ്.ബി ഫോളോവേഴ്‌സുള്ള ലീഗുകാരനായ ‘ചാരിറ്റി ബിസിനസുകാരനെ’ നിര്‍ത്തി പയറ്റിയ എല്ലാ തന്ത്രങ്ങളും വടകരയിലും അതേ ടീമിനെക്കൊണ്ട് നടത്തിച്ചു. പുറത്ത് നിന്ന് ആളുകളെയിറക്കി പ്രചരണ സമ്മേളനങ്ങള്‍ കൊഴുപ്പിച്ചു. കൊച്ചുകുട്ടികളെപ്പോലും ‘അഭിനയത്തിന്റെ’ ഭാഗമാക്കി. കുട്ടികളെക്കൊണ്ട് ക്യാമറക്ക് മുന്നില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് പറയിപ്പിക്കുക. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി മിഠായിപ്പൊതികളുമായി രംഗപ്രവേശം ചെയ്യുക. സ്ഥാനാര്‍ത്ഥിയുടെ ഇരിപ്പും നടപ്പും എല്ലാം ഇടവേളയില്ലാതെ പകര്‍ത്താന്‍ ക്യാമറക്കണ്ണുകള്‍ കാട്ടിയ കരുതലിന് ‘ഓസ്‌കാര്‍’ ലഭിച്ചാലും അല്‍ഭുതപ്പെടേണ്ടതില്ല. സിനിമാനടന്‍മാരെപ്പോലും പിന്നിലാക്കും വിധമായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ‘നടനവൈഭവം’. എല്ലാം ചെയ്ത്കൂട്ടിയിട്ട് ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ എന്ന മട്ടില്‍ പുരപ്പുറത്ത് കയറി കൂവുന്നത് കേട്ടപ്പോള്‍ ചിരിയടക്കാന്‍ കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് വരുമ്പോള്‍ ‘മതായുധം’ പുറത്തെടുക്കാന്‍ ലീഗിലെ തീവ്രന്‍മാര്‍ക്ക് യാതൊരു മടിയുമില്ല. അഴീക്കോട്ട് ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നികേഷ് കുമാറിനെതിരെ ”സിറാത്ത് പാലം കടക്കാത്ത കാഫിര്‍’ എന്ന് അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടിയതിന്റെ പേരിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ്ഫലം ഹൈക്കോടതി രണ്ടുപ്രാവശ്യം റദ്ദ് ചെയ്തത്. ആ കേസ് ഇപ്പോഴും സുപ്രീം കോടതിയില്‍ നടക്കുകയാണ്. വടകരയിലും അതേ കാര്‍ഡാണ് ടീച്ചര്‍ക്കെതിരെ ലീഗ് പുറത്തെടുത്തത്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തെ ഇസ്ലാമിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച കൊടിയ ശത്രുക്കളെയാണ് ‘കാഫിര്‍’ എന്ന അറബി പദം കൊണ്ട് വിവക്ഷിക്കുന്നത്. അതേ വാക്കാണ് ശൈലജ ടീച്ചര്‍ക്കെതിരെയും വ്യാപകമായി വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കൂട്ടരും ഉപയോഗിച്ചത്. 2021-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എനിക്കെതിരെ ലീഗും ജമാഅത്തെ ഇസ്ലാമിയും ഇറക്കിയതും മത കാര്‍ഡാണ്. ഞാന്‍ ഇസ്ലാമിക വിശ്വാസത്തെ തള്ളിപ്പറഞ്ഞുവെന്ന് കൃത്രിമമായ സ്‌ക്രീന്‍ഷോട്ടുണ്ടാക്കി പ്രചരിപ്പിച്ചു. ലീഗ് എം.എല്‍.എയായിരുന്ന ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വീഡിയോ ക്ലിപ്പിംഗാക്കി പ്രചരിപ്പിച്ചു. ബി.ജെ.പിയുടെ വോട്ട് വിലകൊടുത്ത് വാങ്ങി. എന്നിട്ടും പക്ഷെ സത്യത്തെ തോല്‍പ്പിക്കാനായില്ല.
2024-ല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ്, യു.ഡി.എഫ് മുച്ചൂടും വര്‍ഗ്ഗീയവല്‍ക്കരിച്ചു എന്നതിന്റെ പേരിലാകും ചരിത്രത്തില്‍ ഇടംനേടുക.