ബന്ധുവിന്റെ മരണവിവരം അറിയുന്നത് പാതിരാത്രി ബസില്‍ യാത്ര ചെയ്യവെ; ബസില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിക്ക് കാവലായി കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കരുതല്‍- നിരവില്‍പ്പുഴയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം
നിരവില്‍പ്പുഴ: യാത്രക്കാരെ കൃത്യസമയത്ത് അവരവരുടെ സ്ഥലത്തെത്തിക്കുന്നവര്‍ മാത്രമല്ല, ചിലപ്പോള്‍ അല്പം വൈകിയാലും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. കുറ്റ്യാടി മാനന്തവാടി റൂട്ടിലെ നിരവില്‍പ്പുഴയില്‍ ഈ ഞായറാഴ്ചയുണ്ടായ സംഭവം കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കരുതലിന്റെയും മനുഷ്യത്വത്തിന്റെയും ദൃഷ്ടാന്തമാകുകയാണ്.
തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള ബസും അതിലെ ജീവനക്കാരുമാണ് താരം. മാനന്തവാടിയില്‍ നിന്നും തിരിച്ച് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. ഞായറാഴ്ച രാത്രി പത്തുമണി കഴിഞ്ഞപ്പോഴാണ് സംഭവം. മാനന്തവാടിയില്‍ നിന്നും ബസില്‍ കയറിയ ഒരു പെണ്‍കുട്ടിയുടെ ബന്ധു മരിച്ചതായി പെണ്‍കുട്ടിക്ക് ഫോണ്‍ വന്നു. ഉടനെ ബസ് ജീവനക്കാരോട് കാര്യം പറഞ്ഞു. ബസ് അപ്പോഴേക്കും നിരവില്‍പ്പുഴ എത്തിയിരുന്നു.
ബസ് നിര്‍ത്തി പെണ്‍കുട്ടിയെ ഇറക്കിയപ്പോഴാണ് ശ്രദ്ധിച്ചത്, രാത്രി വൈകിയതിനാല്‍ കടകളെല്ലാം അടഞ്ഞിട്ടുണ്ട്. റോഡില്‍ ഒറ്റക്കുഞ്ഞ് പോലുമില്ല. ഈ സമയത്ത് ഒരു പെണ്‍കുട്ടിയെ തനിച്ച് നിര്‍ത്തി പോകാന്‍ ജീവനക്കാര്‍ക്ക് മനസുവന്നില്ല. അതോടെ മാനന്തവാടിയില്‍ നിന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തുന്നതുവരെ പെണ്‍കുട്ടിക്ക് കൂട്ടായി ബസും അവിടെ ജീവനക്കാരും യാത്രക്കാരും കട്ടയ്ക്ക് നിന്നു.
35മിനിറ്റോളം ഈ നില്‍പ്പു തുടര്‍ന്നെങ്കിലും ആരും നീരസമൊന്നും പ്രകടിപ്പിച്ചില്ല. വീട്ടുകാര്‍ എത്തി അവരുടെ ഒപ്പം പെണ്‍കുട്ടിയെ സുരക്ഷിതമായി അയച്ചശേഷം പതിവുപോലെ ബസ് യാത്ര തുടരുകയും ചെയ്തു.