തൊട്ടിൽപ്പാലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് തലകീഴായി മറിഞ്ഞ് അപകടം; മുപ്പത്തിമൂന്ന് പേർക്ക് പരിക്ക്


മലപ്പുറം: മലപ്പുറം തലപ്പാറയില്‍ കെഎസ്‌ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം. ഞായറാഴ്ച രാത്രി പത്തരോടെയായിരുന്നു അപകടം. അപകടത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് രണ്ട് പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. തൊട്ടില്‍പ്പാലത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസില്‍ 56ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റോഡില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു. പത്തടിയോളം താഴ്ചയിലേക്കാണ് തലകീഴായി മറിഞ്ഞത്. നാട്ടുകാരും മറ്റു വാഹനങ്ങളില്‍ സ്ഥലത്തെത്തിയവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തലകീഴായി കിടന്ന ബസില്‍ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്.

ബസിന്‍റെ പിന്നിലെ ചില്ല് നീക്കം ചെയ്താണ് പുറകിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. രാത്രിയായതിനാലും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. പതിവായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് മാസം മുന്‍പ് ഇതേ സ്ഥലത്ത് സമാനമായ അപകടം നടന്നിരുന്നതായി നാട്ടുകാർ പറയുന്നു.

Summary: KSRTC bus overturned in Malappuram Thalappara accident