നേരത്തെ കണ്ടെത്തിയ സ്ഥലത്തുതന്നെ കെ.എസ്.ഇ.ബിയുടെ കൊയിലാണ്ടി സബ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നു; കൊല്ലത്തുള്ള ഭൂമിയിലേക്ക് റോഡ് ഒരുക്കാന്‍ സാധ്യത പരിശോധിച്ച് എം.എല്‍.എയുടെ നേതൃത്വത്തിലുളള സംഘം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നേരത്തെ കണ്ടെത്തിയ സ്ഥലത്തുതന്നെ കെ.എസ്.ഇ.ബിയുടെ 110 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വഴിയൊരുങ്ങുന്നു. സബ് സ്റ്റേഷനായി കണ്ടെത്തിയ സ്ഥലത്തേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ റോഡ് സൗകര്യമില്ലാത്തതിന്റെ പേരിലാണ് ഈ സ്ഥലം വേണ്ടെന്നുവെച്ചത്. എന്നാല്‍ ഇവിടേക്ക് റോഡ് സൗകര്യമൊരുക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.

എസ്.എന്‍.ഡി.പി കോളജിന് താഴെയായി കൊയിലാണ്ടി നെല്ല്യാടി റോഡില്‍ ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിന് സമീപത്തായുളള സ്ഥലത്ത് സബ് സ്റ്റേഷന്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇവിടെ ബൈപ്പാസ് പ്രവൃത്തിയോടെ ഇവിടേക്കുള്ള റോഡ് സൗകര്യം ഇല്ലാതാവുകയായിരുന്നു. സര്‍വ്വീസ് റോഡിന്റെ സംരക്ഷണ ഭിത്തി എട്ട് മീറ്ററോളം ഉയരത്തിലാണ്. ഇവിടെ നിന്നും റാമ്പ് കൊടുത്ത് സബ് സ്റ്റേഷനായി കണ്ടെത്തിയ സ്ഥലത്തേക്ക് വഴിയൊരുക്കിയാല്‍ വലിയ വാഹനങ്ങള്‍ക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യത്തിലാണ് സബ് സ്റ്റേഷനുവേണ്ടി മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന സ്ഥിതി വന്നത്.

എന്നാല്‍ ഇപ്പോള്‍ ഈ സ്ഥലത്തുനിന്നും 50 മീറ്റര്‍ മാറി ചോര്‍ച്ചപ്പാലം റോഡില്‍ റോഡിന്റെ സംരക്ഷണ ഭിത്തിക്ക് ഉയരം മൂന്ന് നാല് മീറ്ററോളമേയുള്ളൂ. ഇവിടെ നിന്നും റാമ്പ് നല്‍കി റോഡ് നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 15ന് കലക്ടറുമായി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എം.എല്‍.എയുടെ ഓഫീസ് അറിയിച്ചു.

സബ് സ്റ്റേഷനുവേണ്ടി പുതിയ സ്ഥലം കണ്ടെത്തി നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയെന്നത് ഇനിയും രണ്ട് മൂന്നുവര്‍ഷത്തെ കാലതാമസത്തിന് വഴിവെക്കുമെന്നതിനാലാണ് നിലവില്‍ കണ്ടെത്തിയ സ്ഥലത്ത് റോഡ് സൗകര്യം ഏര്‍പ്പെടുത്താനുള്ള ആലോചനകള്‍ നടക്കുന്നത്.

വിയ്യൂര്‍ വില്ലേജില്‍ കൊല്ലം നെല്ല്യാടി റോഡിലുള്ള 55സെന്റ് സ്ഥലമാണ് പരിഗണനയിലുള്ളത്. ഈ സ്ഥലം ഏറ്റെടുക്കാന്‍ കെ.എസ്.ഇ.ബി അംഗീകാരം നല്‍കിയിരുന്നു. സാധാരണ സബ് സ്റ്റേഷന്‍ നിര്‍മ്മിക്കണമെങ്കില്‍ കൂടുതല്‍ സ്ഥലം വേണ്ടിവരും. ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന് നിര്‍മ്മാണ ചെലവ് കൂടുമെങ്കിലും കുറഞ്ഞ സ്ഥലം മതിയാവും. സ്ഥലം ഏറ്റെടുക്കാനും മറ്റുമുള്ള ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ നഷ്ടവും വരില്ല. ഈ സാഹചര്യത്തിലാണ് ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനാണ് ഇവിടെ നിര്‍മ്മിക്കുക.

എ.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് പുറമേ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ടില്‍, മുന്‍സിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത് മാസ്റ്റര്‍, സി.കെ.ഹമീദ്, കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എഞ്ചിനിയീര്‍ മെറീന സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രീതികേശന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ പി.ജിജി എന്നിവരാണ് സ്ഥലം പരിശോധിച്ചത്.

2021 ജനുവരി അഞ്ചിന് സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ 20.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താത്ത സാഹചര്യത്തില്‍ നടപടികള്‍ നീണ്ടുപോകുകയായിരുന്നു. പിന്നീട് കുന്ന്യോറമലയിലും കൊല്ലം നെല്ല്യാടി റോഡിലുമൊക്കെയായി സബ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ പറ്റിയ നാലോളം സ്ഥലങ്ങള്‍ കണ്ടെത്തുകയും ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബിയ്ക്ക് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. കെ.എസ്.ഇ.ബിയുടെ അംഗീകാരം ലഭിക്കാത്തതിനാലാണ് തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ സാധിക്കാതിരുന്നത്. ഈ സ്ഥലം പരിശോധിച്ചശേഷമാണ് കെ.എസ്.ഇ.ബി അധികൃതര്‍ നെല്ല്യാടി റോഡിലെ സ്ഥലത്തിന് അംഗീകാരം നല്‍കിയത്.

കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത്, നോര്‍ത്ത്, മൂടാടി മേഖലകളിലായി ഏകദേശം 60000 ഉപഭോക്താക്കളുണ്ട്. നിലവില്‍ സബ് സ്റ്റേഷന്‍ കൊയിലാണ്ടി പട്ടണത്തില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കന്നൂരാണുള്ളത്. പതിനൊന്ന് കെ.വി ഫീഡറുകളിലൂടെ കൊയിലാണ്ടി ടൗണിലും പരിസരത്തും വൈദ്യുതി എത്തിക്കുന്നത് പുഴകള്‍ മുറിച്ച് കടന്നാണ്. ഫീഡറിന്റെ പരിധിയുടെ അവസാന ഭാഗത്ത് വരുന്ന മൂടാടിയിലെ ഉപഭോക്താക്കളാണ് ഏറ്റവുമധികം പ്രയാസം അനുഭവിക്കുന്നത്.

ലോഡ് കൂടുതല്‍ ആവശ്യമുള്ളതും ടൗണ്‍ഷിപ്പ് ഉള്ളതും റെയില്‍വേ ട്രാക്കിന്റെ പടിഞ്ഞാറ് ഭാഗത്താണ്. നിലവിലുള്ള സബ് സ്റ്റേഷന്‍ കിഴക്ക് ഭാഗത്താണ്. പടിഞ്ഞാറ് ഭാഗത്തേക്ക് 11 കെ.വി കേബിളിലൂടെയാണ് വൈദ്യുതി എത്തിക്കുന്നത്. ഈ കേബിളിന് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ പടിഞ്ഞാറ് ഭാഗത്തുള്ള നിരവധി സ്ഥാപനങ്ങള്‍ ഇരുട്ടിലാവുകയാണ്. വലിയ വിലകൊടുത്ത് ജനറേറ്റര്‍ സ്ഥാപിക്കാന്‍ കഴിയാത്ത ചെറുകിട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ തന്നെ ഇത് ബാധിക്കാറുണ്ട്. സബ് സ്റ്റേഷന്‍ ഇല്ലാത്തത് കൊയിലാണ്ടി നഗരസഭയിലെ വൈദ്യുതി വിതരണത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. 11കെ.വി ലൈനില്‍ ചെറിയ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പുഴ കടന്നൊക്കെ പോകുന്നതുകൊണ്ട് തകരാര്‍ പരിഹരിക്കാന്‍ ഏറെ നേരം എടുക്കുകയാണ്.