‘തൊഴിലാളികള്‍ക്കെതിരെ തുടര്‍ന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക’; കൊയിലാണ്ടിയില്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രതിഷേധപ്രകടനം


കൊയിലാണ്ടി: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കെ.എസ്.ഇ.ബി ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കൊയിലാണ്ടി സബ് ഡിവിഷന്‍ തലത്തില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി. ജീവനക്കാരായ ഷാജി.എം, സുനീഷ്.ടി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ തിങ്കളാഴ്ച്ച നഗരസഭ കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത് കണ്ടിയുടെ വീട്ടില്‍ വൈദ്യുതബില്‍ അടക്കാത്തത് അറിയിക്കാനെത്തിയ ഷാജിയെ രജീഷ് കയ്യേറ്റം ചെയ്യുകയും ഡ്യൂട്ടിയ്ക്കാവശ്യമായ വസ്തുക്കള്‍ ബലം പ്രയോഗിച്ച് വലിച്ചെറിയുകയുമാണുണ്ടായത്. സംഭവത്തില്‍ കെ.എസ്.ഇ.ബി പോലീസില്‍ പരാതി നല്‍കിയിരുന്നു.

പെരുവട്ടൂര്‍ എടവത്ത് മീത്തല്‍ ആറ് മാസത്തോളമായി ബില്‍ തുകയടയ്ക്ക്യാത്ത വീട്ടില്‍ നോട്ടീസ് നല്‍കാനെത്തിയ സുനീഷിനെ യാതൊരു പ്രകോപനവുമില്ലാതെ തൊട്ടടുത്ത വീട്ടിലെ എടവത്ത്മീത്തല്‍ സുബീഷ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തൊഴിലാളികള്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാവുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന് വിജേഷ്, സുബിജേഷ്, രജിത്ത്കുമാര്‍, സുരേഷ്‌കുമാര്‍, ഗിരീഷ്.ഇ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ കെ.എസ്.ഇ.ബി.ഡബ്ല്യു.എ ഡിവിഷന്‍ ഭാരവാഹി ജി.കെ രാജന്‍ കെ.ഇ.എഫ്.സി ഡിവിഷന്‍ പ്രസ്ഡന്റ് കെ.കെ രഞ്ജിത്ത്, സീനിയര്‍ സൂപ്രണ്ട് ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.