ഉത്തരേന്ത്യന്‍ പ്രമാണിമാര്‍ ഉപയോഗിച്ചിരുന്ന കൃഷ്ണ കൗമോദ്, സുഗന്ധം പരത്തും ഗന്ധകശാല; വിയ്യൂരിൽ വിളവെടുപ്പിനൊരുങ്ങി കൃഷിശ്രീയുടെ നെല്ലിനങ്ങൾ
കൊയിലാണ്ടി: വയലറ്റ് കലര്‍ന്ന കറുപ്പ് നിറം, ഭഗവാന്‍ കൃഷ്ണന്റെ പേര്. അതാണ് കൃഷ്ണ കൗമോദ് എന്ന നെല്ലിനത്തിന്റെ പ്രത്യേകത. പ്രാചീനകാലത്ത് ഉത്തരേന്ത്യയിലെ ചക്രവര്‍ത്തിമാരും പ്രമാണിമാരും വ്യാപകമായി കൃഷി ചെയ്ത് ഉപയോഗിച്ചിരുന്ന നെല്ലിനമാണ് കൃഷ്ണ കൗമോദ്.
നമ്മുടെ നാട്ടിലും കൃഷ്ണ കൗമോദ് വിളഞ്ഞിരിക്കുകയാണ്. കൃഷിശ്രീ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്. വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പാടത്താണ് കൃഷ്ണ കൗമോദ് വിളവെടുപ്പിനൊരുങ്ങിയിരിക്കുന്നത്. അടുത്ത ആഴ്ചകളില്‍ തന്നെ വിളവെടുപ്പ് നടക്കുമെന്ന് കൃഷിശ്രീ പ്രസിഡന്റ് പ്രമോദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ബസുമതി വര്‍ഗത്തില്‍ പെട്ട ഒന്നാം നമ്പര്‍ നെല്ലിനം എന്നാണ് ഈ കറുത്ത നെല്ല് അറിയപ്പെടുന്നത്. വേവ് കുറഞ്ഞ ഈ നെല്ലിന്റെ അരി മറ്റ് ബസുമതി അരികളെ കവച്ച് വയ്ക്കുന്നതാണ്. ഔഷധഗുണമുള്ള ഈ നെല്ലിന്റെ പുല്ല് പശുക്കള്‍ക്ക് സവിശേഷ ഗുണമുള്ളതാണ്.
കൃഷ്ണ കൗമുദിയ്ക്ക് പുറമെ ഗന്ധകശാലയും ഇവിടെ വിളവെടുപ്പിന് ഒരുങ്ങിയിട്ടുണ്ട്. കക്കുളം പാടശേഖരത്തില്‍ ഒന്നരയേക്കറിലാണ് ഗന്ധകശാല കതിരിട്ട് കൊയ്ത്തിന് പാകമായിരിക്കുന്നത്. പൂര്‍ണ്ണമായും ജൈവരീതിയിലാണ് കൃഷിയെന്ന് പ്രമോദ് പറയുന്നു. രാസകീടനാശിനികളോ രാസവളമോ കൃഷിക്ക് ഉപയോഗിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രുചികരമായതും ഔഷധഗുണമുള്ളതും ജൈവരീതിയില്‍ കൃഷി ചെയ്തതുമായ കൃഷ്ണ കൗമോദ്, ഗന്ധകശാല അരി ഇനങ്ങള്‍ ഉടന്‍ വിപണിയിലെത്തും. പുതിയ ബസ് സ്റ്റാന്റിന് പിറകിലുള്ള കൃഷിശ്രീയുടെ വിപണന കേന്ദ്രത്തില്‍ നിന്ന് ജനങ്ങള്‍ക്ക് അരി വാങ്ങാന്‍ കഴിയും.