വാവാട് നിന്നും സ്‌കൂട്ടറും ബൈക്കും മോഷ്ടിച്ച സംഭവം; കൊടുവള്ളിയില്‍ മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ പിടിയില്‍


കൊടുവള്ളി: സ്‌കൂട്ടര്‍ മോഷണക്കേസില്‍ കുട്ടികളടക്കം നാലുപേര്‍ പിടിയിലായി. മടവൂര്‍ ചെറിയതാഴം ചിക്കു എന്ന അര്‍ജുനും (18) പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരുമാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. മുഖ്യപ്രതി വാഹനമോഷണങ്ങള്‍ക്കു പുറമെ മറ്റു മോഷണക്കേസുകളിലും ഉള്‍പ്പെട്ടയാളാണ്.

ദേശീയപാതയില്‍ വാവാട് ഇരുമോത്ത് വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറും എം.പി.സി ആശുപത്രി ഷെഡില്‍ നിര്‍ത്തിയിട്ട ബൈക്കും മോഷണം പോയ സംഭവത്തിലാണ് ഇവര്‍ പിടിയിലായത്.

കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി. ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ എസ്.ഐ പ്രകാശന്‍, ജൂനിയര്‍ എസ്.ഐ രശ്മി, എ.എസ്.ഐ സജീവന്‍, ജയരാജന്‍, ഷഫീഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.