സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്; കൊയിലാണ്ടിയില്‍ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ പണിമുടക്ക് പ്രകടനം


കൊയിലാണ്ടി: ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച പണിമുടക്ക് പ്രകടനം കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ ഉദ്ഘടനം ചെയ്തു.

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘനടകള്‍ ഇന്ന് നടത്തിയ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് എതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അടിയന്ത സാഹചര്യങ്ങൾ അല്ലാത്തപക്ഷം അവധി അനുവദിക്കരുതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. ജോലിക്കു ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ അന്നേ ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നും ഉത്തരവിലുണ്ട്.

പ്രകടനത്തിന്‌ നിഷാന്ത് കെഎസ് അധ്യക്ഷത വഹിച്ചു. പി.കെ രാധാകൃഷ്ണൻ, കെ.എം മണി, ബാസിൽ പാലിശ്ശേരി, ബൈജാ റാണി എം.എസ്, ശർമിള എൻ, സബിന സി എന്നിവർ സംസാരിച്ചു. മനോജ് കെ കെ, പ്രജേഷ് ഇ.കെ, ആസിഫ് കെ.പി, വന്ദന വി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.