കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂരിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ചവരില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള കെ.പി.സി.സി അംഗം രത്‌നവല്ലിയും; തരൂരിനായി ഒപ്പുവച്ചവരില്‍ എട്ടുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്ന്
കൊയിലാണ്ടി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനായി നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ചവരില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള കെ.പി.സി.സി അംഗം പി.രത്‌നവല്ലിയും പയ്യോളിയില്‍ നിന്നുള്ള കെ.പി.സി.സി അംഗം മഠത്തില്‍ നാണുവും. കോഴിക്കോട് ജില്ലയില്‍ നിന്ന് എട്ട് പേരാണ് തരൂരിനെ പിന്തുണച്ച് പത്രികയില്‍ ഒപ്പു വച്ചത്.
ശശി തരൂരിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ച കാര്യം പി.രത്‌നവല്ലി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സ്ഥിരീകരിച്ചു. വിശ്വപൗരനും വലിയ അറിവുള്ള ആളുമാണ് ശശി തരൂരെന്നും അതിനാലാണ് താന്‍ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പു വച്ചതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മികച്ച രീതിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പി.രത്‌നവല്ലിക്കും മഠത്തില്‍ നാണുവിനും പുറമെ കോഴിക്കോട് എം.പി എം.കെ.രാഘവന്‍, മുന്‍ ഡി.സി.സി അധ്യക്ഷന്‍ കെ.സി.അബു, മുതിര്‍ന്ന നേതാവ് എന്‍.കെ.അബ്ദുള്‍ റഹ്മാന്‍, കെ.ബാലകൃഷ്ണന്‍ കിടാവ്, കെ.എം.ഉമ്മര്‍, എ.അരവിന്ദന്‍ എന്നിവരാണ് തരൂരിനെ പിന്തുണച്ച് ഒപ്പുവച്ച കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവര്‍. ശശി തരൂരിന്റെ വിശ്വസ്തരായ രണ്ടു പേര്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഈ നേതാക്കളെ നേരില്‍ കണ്ടാണ് ഒപ്പുവാങ്ങിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍, തമ്പാനൂര്‍ രവി, പി.മോഹന്‍രാജ് എന്നിവരും തരൂരിനായി നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പുവച്ച സംസ്ഥാനത്തെ പ്രമുഖ നേതാക്കളാണ്.