‘പാര്‍ട് ടൈം ജോലിയുടെ പേരില്‍ സംസ്ഥാനത്തിന്‌ പുറത്ത് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകം’; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ


വടകര: പാര്‍ട് ടൈം ജോലി എന്ന പേരിൽ സംസ്ഥാനത്തിന് പുറത്ത് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നുണ്ടെന്നും അതിനാല്‍ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ. ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് ഉചിതമായ സഹായങ്ങൾ ലഭ്യമാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും, ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.

സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളെ സാമ്പത്തിക തട്ടിപ്പിനിരയാക്കുന്നത് വർദ്ധിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വടകര താലൂക്കിലെ നാല് വിദ്യാർത്ഥികളെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. വിദ്യാർത്ഥികളെ കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിൽ കൈമാറിയാണ് ഈ തട്ടിപ്പ് നടന്നുവരുന്നത്. പോലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി വിദ്യാർത്ഥികൾക്ക് മനസ്സിലാവുന്നത്. മിക്ക വിദ്യാർത്ഥികളും പാർട്ട് ടൈം ജോലി എന്ന രീതിയിലാണ് ഇത്തരം തട്ടിപ്പിന് ഇരയാവുന്നതെന്ന് എം.എല്‍.എ പറഞ്ഞു.

വിദ്യാർത്ഥികൾ ഇത്തരം പ്രലോഭനങ്ങളിൽ അകപ്പെട്ടുപോകരുതെന്നും, ഇങ്ങനെയുള്ള സംഭവങ്ങളിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും, രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും എം.എല്‍.എ അറിയിച്ചു. കമ്മീഷൻ വാ​ഗ്ദാനം ചെയ്ത് യുവാക്കളെ സാമ്പത്തിക തട്ടിപ്പിന് പ്രേരിപ്പിക്കുന്ന സംഘം വടകര മേഖലയിൽ വ്യാപകമാകുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ്‌ പുറത്ത് വന്നത്‌. യുവാക്കളുടെ പേരിൽ അക്കൗണ്ട് തുടങ്ങുകയും ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന തുക ഈ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് എ.ടി.എം വഴി പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ആണ് സാമ്പത്തിക തട്ടിപ്പിന്റെ രീതി. ഓരോ ഇടപാടിനും കമീഷൻ ലഭിക്കും എന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.

വടകര, വില്യാപ്പള്ളി, കാർത്തികപള്ളി, കോട്ടപ്പള്ളി പ്രദേശങ്ങളിലെ ഏതാനും വിദ്യാർഥികളെയും യുവാക്കളെയും രാജസ്ഥാൻ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരോട് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഒരാൾ നിർദേശിക്കുകയായിരുന്നു. അക്കൗണ്ടിന്റെ എ.ടി.എം കാർഡും പിൻ നമ്പറും നൽകണമെന്നും നൽകിയാൽ 10,000 രൂപ മുതൽ 25,000 രൂപ വരെ അക്കൗണ്ട് ഹോൾഡർക്ക് ലഭിക്കുന്നതാണെന്നും പറഞ്ഞാണ് വലയിലാക്കിയത്. ഈ സംഭവത്തിന് ശേഷമാണ് ഇത്തരം സംഘങ്ങളെ കുറിച്ച് പുറംലോകം അറിയുന്നത്.

Financial scams rampant’; KP Kunjammat Kutty Master MLA said that students should be careful”