കൊയിലാണ്ടി സീറ്റിലെ അവഗണന സിപിഎമ്മിലെത്തിച്ചു; ഒടുവില്‍ മൂന്ന് വർഷങ്ങള്‍ക്കുള്ളില്‍ കെ.പി.അനില്‍കുമാർ പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക്
കോഴിക്കോട്: കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലുയള്ള സെക്രട്ടറി സ്ഥാനം വിട്ടെത്തിയ കെ.പി.അനില്‍കുമാർ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക്. കഴിഞ്ഞ മാസം അനില്‍കുമാറിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും തിങ്കളാഴ്ചയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇതുമായി ബന്ധപ്പെട്ട് അംഗീകാരം നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
പാര്‍ട്ടിയിലെത്തി രണ്ടു വര്‍ഷവും രണ്ടു മാസവും ആയപ്പോഴാണ് അനില്‍കുമാറിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം തീരുമാനിച്ചത്. മറ്റു പാര്‍ട്ടികളില്‍ നിന്നും വരുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന സിപിഎമ്മിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് അനില്‍കുമാറിനെ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തതെന്നാണ് വിവരം.
കൊയിലാണ്ടിയില്‍ തുടര്‍ച്ചയായി നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതും അര്‍ഹതപ്പെട്ട പദവിയൊന്നും നല്‍കാത്തതിലും പ്രതിഷേധിച്ച് 2021 സെപ്തംബര്‍ 13നാണ് അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. ആ സമയത്ത് കെ.പി.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയിരുന്നു അനില്‍കുമാര്‍. കോണ്‍ഗ്രസ് വിട്ട ദിവസം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ച അനില്‍കുമാര്‍ ഡി.സി.സി പ്രസിഡന്റുമാരെ ഏകപക്ഷീയമായി നിയമിച്ചതും ചോദ്യം ചെയ്തിരുന്നു.
ശേഷം എ.കെ.ജി സെന്ററില്‍ എത്തിയാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ യൂണിയന്‍(സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റായി അനില്‍കുമാര്‍ സ്ഥാനമേറ്റു. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റായ അദ്ധേഹം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അഗംവുമായി. ഒപ്പം ഒഡേപെക് ചെയര്‍മാന്‍ കൂടിയാണ്. അനില്‍കുമാറിനൊപ്പം കോണ്‍ഗ്രസ് വിട്ടു വന്ന പി.എസ് പ്രശാന്തിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചിരുന്നു.