കോഴിക്കോട് ഉടമസ്ഥന്റെ കണ്‍മുന്നില്‍വെച്ച് ബൈക്കുമായി കടന്നുകളഞ്ഞ് കള്ളന്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


കോഴിക്കോട്: പന്നിയങ്കരയില്‍ ഉടമസ്ഥന്റെ കണ്‍മുന്നില്‍വെച്ച് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ് യുവാവ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

പന്നിയങ്കരയിലെ സുഹൃത്ത് വിജയകുമാറിനെ കാണാനെത്തിയ കിഴക്കഞ്ചേരി പാറക്കുളം വീട്ടില്‍ സതീഷ് കുമാറിന്റെ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. വിജയകുമാറിന്റെ വീടിന് മുന്നിലെ റോഡില്‍ ബൈക്ക് നിര്‍ത്തിയിട്ട് അദ്ദേഹവുമായി സംസാരിക്കുകയായിരുന്നു സതീഷ്.

ഈ സമയത്ത് ഇവിടെയെത്തിയ മോഷ്ടാവ് ബൈക്കുമായി കടന്നുകളയുകയായിരുന്നു. സതീഷും വിജയകുമാറും പിന്നാലെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.

വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.