രാജ്യത്തിന് അഭിമാനമായി കോഴിക്കോട്: യുനെസ്‌കോ സാഹിത്യ നഗരം ഔദ്യോഗിക പ്രഖ്യാപനം ഇന്ന്



കോഴിക്കോട്: രാജ്യത്ത് ആദ്യമായി കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം 23നു മന്ത്രി എം.ബി.രാജേഷ് നടത്തും. വൈകിട്ട് 5.30നു തളി കണ്ടംകുളം ജൂബിലി ഹാളിലാണ് ഔദ്യോഗിക പ്രഖ്യാപനം. സാഹിത്യ നഗരത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. സാഹിത്യ നഗര കേന്ദ്രത്തിന്റെ പ്രഖ്യാപനം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിക്കും.

ലോക നഗര ദിനത്തില്‍ യുനെസ്‌കോ പുറത്തിറക്കിയ 55 ക്രിയേറ്റീവ് നഗരങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലാണ്‌ കോഴിക്കോടും ഇടം പിടിച്ചത്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്തായിരുന്നു കോഴിക്കോടിന് സാഹിത്യ നഗര പദവി നൽകിയത്. കേരള സാഹിത്യോത്സവത്തിന്റെ സ്ഥിരം വേദിയായ കോഴിക്കോട്ട് കെ എല്‍ ഫ് ഉള്‍പ്പെടേയുള്ള നിരവധി പുസ്തകോത്സവങ്ങള്‍ നടക്കുന്നതും പദവി നേടിയെടുക്കുന്നതില്‍ നിർണ്ണായകമായി. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്.

യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്ന രീതിയിൽ പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലും വിവിധ പരിപാടികൾ വരും കാലങ്ങളിൽ സംഘടിപ്പിക്കുമെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചു. 2 വർഷം വീതം നീളുന്ന 4 ഘട്ടങ്ങളായിട്ടാണ് പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങളിൽ ബ്രാൻഡിങ്, സാഹിത്യ സംവാദങ്ങൾക്കുള്ള ഇടങ്ങൾ കണ്ടെത്തൽ, സാഹിത്യ പ്രവർത്തനങ്ങളിൽ ജനകീയ ഇടപെടൽ വർധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളിൽ സാഹിത്യ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ അടിസ്ഥാന വികസനത്തിനാണ് ഊന്നൽ.

സാഹിത്യ മ്യൂസിയം, വായന തെരുവ്, മലബാർ ലിറ്റററി സർക്യൂട്ട്, കോലായ സംസ്കാരത്തിന്റെ പുനഃസ്ഥാപനം, സ്വതന്ത്ര വായന മൂലകൾ എന്നിവയും നടപ്പാക്കും. സാഹിത്യ മത്സരങ്ങൾ, പുസ്തക കൈമാറ്റ കേന്ദ്രങ്ങൾ, എഴുത്ത് ശിൽപശാലകൾ, സാധാരണക്കാർക്കു പ്രാപ്യമാകുന്ന പുസ്തക മേളകൾ, ഗൃഹ ലൈബ്രറി സന്ദർശനങ്ങൾ, സഞ്ചരിക്കുന്ന പുസ്തക പ്രദർശനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും.