കൃത്യനിര്‍വഹണത്തിനിടയില്‍ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ സ്മരണപുതുക്കി പൊലീസ്; കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് സ്മൃതി ദിനം കീഴരിയൂര്‍ പൊലീസ് ക്യാമ്പില്‍


കൊയിലാണ്ടി: ഡ്യൂട്ടിക്കിടയില്‍ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ സ്മരണക്കായി കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സ്മൃതി ദിനം ആചരിച്ചു. കീഴരിയൂര്‍ പോലീസ് ക്യാമ്പില്‍ വെച്ച് നടന്ന പരേഡില്‍ ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് ഐ.പി.എസ് പുഷ്പചക്രം അര്‍പ്പിച്ചു. കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജു എബ്രഹാം പരേഡ് നയിച്ചു.

ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലെ ഡി.വൈ.എസ്.പിമാര്‍, സി.ഐമാര്‍ മറ്റ് പോലീസ് സേനാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 8 മണിക്ക് ആരംഭിച്ച പരേഡ് 8,45 മണിക്ക് അവസാനിച്ചു. സ്മൃതി ദിനത്തോടനുബന്ധിച്ച് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചെസ്സ് ടൂര്‍ണ്ണമെന്റും കേരളാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പും നടത്തി.