റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പേരാമ്പ്രയില്‍ തുടക്കമായി; രചനാ മത്സരങ്ങളില്‍ ആദ്യ ദിനം മാറ്റുരച്ചത് നിരവധി വിദ്യാര്‍ത്ഥികള്‍


പേരാമ്പ്ര: വിവിധ രചനാ മത്സരത്തോടെ കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പേരാമ്പ്രയില്‍ തുടക്കമായി. കഥാരചന, കവിതാ രചന, കാപ്ഷന്‍ രചന, ഉപന്യാസം, സമസ്യ പുരാണം, ഗദ്യപാരായണം, സിദ്ധരൂ പോച്ചാരണം, പ്രശ്നോത്തരി, ഗദ്യ വായന, തര്‍ജ്ജമ, പദപ്പയറ്റ്, പദ കേളി, പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടു നിര്‍മ്മാണം, ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് ഞായറാഴ്ച്ച നടന്നത്.

പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിലൊരുക്കിയ 21 വേദികളിലായാണ് സ്റ്റേജിതര മത്സരങ്ങള്‍ നടന്നത്. ശേഷിക്കുന്ന രചനാ മത്സരങ്ങള്‍ ഡിസംബര്‍ അഞ്ചിന് പേരാമ്പ്ര എ.യു.പി.എസില്‍ ഒരുക്കിയ നാല് വേദികളില്‍ നടക്കും. നേരത്തെ 4ാം തിയ്യതി നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്നത്തേക്ക് മാറ്റിയത് 4ന് മത്സരങ്ങള്‍ ഉണ്ടാവില്ല.

സ്റ്റേജ് മത്സരങ്ങള്‍ ഡിസംബര്‍ അഞ്ച് മുതലാണ് ആരംഭിക്കുന്നത്. പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിലായി 19 വേദികളാണ് മത്സരങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂര്‍ത്തി ഹാള്‍, ജിയുപിഎസ് പേരാമ്പ്ര, ബഡ്‌സ് സ്‌കൂള്‍, ദാറുന്നുജും ആര്‍ട് ആന്റ് സയന്‍സ് കോളേജ്, എന്‍.ഐ.എം എല്‍.പി സ്‌കൂള്‍, സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, സികെജിഎം ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികള്‍.

കലോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 309 ഇനങ്ങളിലായി 17 ഉപജില്ലകളില്‍ നിന്നുള്ള പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കാനായി പേരാമ്പ്രയിലെത്തുന്നത്.