യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഗതാഗത പരിഷ്‌കാരം, സ്റ്റേഷനിലേക്ക് വരേണ്ട വഴിയറിയാം
കോഴിക്കോട്: നവീകരണ പ്രവൃത്തികളുടെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് ഗതാഗത പരിഷ്‌കാരം. ഓട്ടോ ഒഴികെയുള്ള വാഹനങ്ങള്‍ വരുന്നതിലും പോകുന്നതിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ ആനിഹാള്‍ റോഡിലൂടെ വന്ന് സ്റ്റേഷന്‍ കോംപൗണ്ടില്‍ എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനരികിലൂടെ വേണം അകത്തേക്ക് പ്രവേശിക്കാന്‍.
ലിങ്ക് റോഡ് വഴി വന്നാല്‍ വാഹനങ്ങള്‍ക്ക് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാനാവില്ല. ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന രണ്ട് വഴികള്‍ അടയ്ക്കും. പകരം വടക്കുഭാഗത്ത് എസ്‌കലേറ്ററുകള്‍ക്ക് അടുത്തായി നിലവിലുള്ള കവാടവും തെക്കുഭാഗത്ത് തുറക്കാന്‍ പോകുന്ന പുതിയ കവാടവും ഉപയോഗിക്കാം. മേലേ പാളയം റോഡിലെ വണ്‍വേ ഒഴിവാക്കിയതിനാല്‍ പാളയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് ദീവാര്‍ ഹോട്ടലിനു മുന്നിലൂടെ നാലാം പ്ലാറ്റ്‌ഫോമിലേക്കും കടക്കാം.
പുതിയ ക്രമീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പാര്‍ക്കിങ് സ്ഥലത്തുനിന്ന് ഒരു ഭാഗം ഒഴിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവിടെ ടൈല്‍ പാകല്‍ ബാക്കിയുണ്ട്. അതും പൂര്‍ത്തിയാകുന്നതോടെ അകത്തേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ ആല്‍മരത്തിനടുത്ത വഴിയിലൂടെ മാത്രമേ പുറത്തേക്ക് പോകാവൂ. ഓട്ടോറിക്ഷകള്‍ക്ക് വടക്കു ഭാഗത്തെ നിലവിലുള്ള വഴിയിലൂടെ അകത്തേക്ക് കടന്ന് പുതുതായി തുറന്ന വഴിയിലൂടെ പുറത്തേക്ക് പോകാം.
ഒന്നാം പ്ലാറ്റ്‌ഫോമിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി അതില്‍ പ്രവര്‍ത്തിച്ചിരുന്ന അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് കൗണ്ടറുകളും മാറ്റുന്നു. ഒന്നാം പ്ലാറ്റ്‌ഫോമിലെ തെക്കുഭാഗത്തെ നടപ്പാതയുടെ അടുത്തായാണ് താല്‍ക്കാലിക കൗണ്ടറുകള്‍ തുറക്കുക. അതോടൊപ്പം ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും മാറും. കോഴിക്കോട് സ്‌റ്റേഷനില്‍ 1,4 പ്ലാറ്റ്‌ഫോമുകളിലായി 12 എ.ടി.വി.എമ്മുകളാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടിടത്തും ആറെണ്ണം വീതം. അതില്‍ രണ്ടെണ്ണം ഒന്നാം പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്ററിന് അടുത്തേക്ക് അടുത്തിടെ മാറ്റിയിരുന്നു.
Summary: Kozhikode railway station traffic reform, know the way to reach the station