‘സര്‍ക്കുലേഷന്‍ ഉണ്ടെന്ന് കാണിക്കാന്‍ കൂടുതല്‍ പത്രങ്ങള്‍ അയക്കുന്നു, വാര്‍ത്തകള്‍ തമസ്കരിക്കുന്നു’; മലയാള മനോരമയ്ക്കെതിരെ കോഴിക്കോട് പത്ര ഏജന്റുമാരുടെ പ്രതിഷേധം


കോഴിക്കോട്: സര്‍ക്കുലേഷന്‍ ഉണ്ടെന്ന് കാണിക്കാന്‍ കൂടുതല്‍ പത്രങ്ങള്‍ അയക്കുന്നു എന്ന് ആരോപിച്ച് മലയാള മനോരമയ്ക്കെതിരെ കോഴിക്കോട് പത്ര ഏജന്റുമാരുടെ പ്രതിഷേധം. സംസ്ഥാനത്തെ പത്ര ഏജൻ്റുമാരുടെ സംഘടനാപരമായ വാർത്തകൾ നിരന്തരം തമസ്കരിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ധർണ്ണ നടത്തി.

മാനേജ്മെൻ്റിൻ്റെ തെറ്റായ നിലപാടുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ [എൻ.പി.എ.എ] സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് മനോരമ ഓഫീസിന് മുന്നിൽ ധർണ്ണയും ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തിയത്. കൊയിലാണ്ടയിൽ നിന്നുള്ള ഏജന്റുമാരും യോഗത്തിൽ പങ്കെടുത്തു.

സർക്കുലേഷൻ വർദ്ദനവുണ്ടെന്ന് വരുത്താൻ പത്ര ഏജൻ്റുമാർക്ക് ആവശ്യമായതിലധികം പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും കൂട്ടി അയക്കുകയും ചെയ്യുന്നതായി യോഗത്തിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളായ ജനാർദ്ദനൻ കാസർഗോഡ്, ബിജേഷ് കണ്ണൂർ, പങ്കജാക്ഷൻ വയനാട് ,ഭാസ്കരൻ കോഴിക്കോട്, സലിം രണ്ടത്താണി, ഇസ്ഹാഖ് മലപ്പുറം, മൊയ്തീൻ തൃശ്ശൂർ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡൻറ് അജീഷ് വി.പി സ്വാഗതം പറഞ്ഞു.