രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയി, ക്ലാസില്‍ ഹാജരില്ല; എട്ടാം ക്ലാസില്‍ പഠിക്കുന്ന കോഴിക്കോട്ടെ വിദ്യാര്‍ത്ഥിനികള്‍ രണ്ട് ദിവസമായി പോയിരുന്നത് മറ്റൊരു സ്‌കൂളില്‍; കാരണമറിഞ്ഞ് അമ്പരന്ന് അധ്യാപകരും രക്ഷിതാക്കളും


കോഴിക്കോട്: എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ രണ്ട് ദിവസമായി പോകുന്നത് മറ്റൊരു സ്‌കൂളില്‍. ജില്ലയിലെ ഒരു പ്രമുഖ സ്‌കൂളിലാണ് സംഭവം. ഒടുവില്‍ ഇതിന് പിന്നിലെ കാരണം അന്വേഷിച്ച് അറിഞ്ഞപ്പോള്‍ രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ അമ്പരന്നു.

കുട്ടികള്‍ രണ്ട് ദിവസവും രാവിലെ വീട്ടില്‍ നിന്ന് പഠിക്കുന്ന സ്‌കൂളിലേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ ഇരുവരും ക്ലാസില്‍ എത്തിയിരുന്നില്ല. രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാനില്ല എന്നറിഞ്ഞതോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും കോഴിക്കോട്ടെ മറ്റൊരു സ്‌കൂളിലെ ക്ലാസ് മുറിയിലുള്ളതായി അറിഞ്ഞത്.

രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ നേരത്തേ പഠിച്ചിരുന്ന സ്‌കൂളിലേക്കാണ് ഇവര്‍ പോയത്. കുട്ടിയുടെ കുടുംബം വീട് മാറിയപ്പോള്‍ സ്‌കൂളും മാറേണ്ടി വന്നു. എന്നാല്‍ കുട്ടിക്ക് സ്‌കൂള്‍ മാറാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. കുട്ടിയുടെ അടുത്ത സുഹൃത്തിനെ പിരിയാന്‍ കഴിയാത്തതായിരുന്നു കാരണം.

തുടര്‍ന്ന് പുതിയ സ്‌കൂളില്‍ വച്ച് പരിചയപ്പെട്ട കൂട്ടുകാരിയോട് കുട്ടി തന്റെ വിഷമം തുറന്ന് പറഞ്ഞു. രണ്ട് പേരും ചേര്‍ന്ന് പ്രശ്‌നത്തിന് പരിഹാരവും കണ്ടെത്തി. സുഹൃത്ത് പഠിക്കുന്ന ക്ലാസില്‍ തല്‍ക്കാലത്തേക്ക് കയറിപ്പറ്റുകയായിരുന്നു ഇവര്‍ കണ്ടെത്തിയ പരിഹാരം.

അങ്ങനെയാണ് രണ്ട് വിദ്യാര്‍ത്ഥിനികളും സുഹൃത്ത് പഠിക്കുന്ന സ്‌കൂളിലെത്തിയത്. സുഹൃത്ത് പഠിക്കുന്ന ക്ലാസ് കണ്ടുപിടിച്ച് അവിടെ കയറുകയും ചെയ്തു. അവിടെ പഠിച്ച വിദ്യാര്‍ത്ഥിനി യൂനിഫോമിലും കൂട്ടുകാരി കളര്‍ ഡ്രസിലുമായിരുന്നു.

ക്ലാസ് ടീച്ചറുടെ കണ്ണില്‍ പെടാതിരിക്കാനും ഇരുവരും അതീവ ജാഗ്രത പുലര്‍ത്തി. കോവിഡിനെ പ്രതിരോധിക്കാനായി ധരിച്ച മാസ്‌ക് ഇരുവരും ക്ലാസില്‍ വച്ച് മാറ്റിയില്ല. യൂനിഫോമിന്റെ കാര്യം ചോദിച്ച അധ്യാപകരോട് അത് തുന്നിക്കിട്ടിയില്ല എന്ന നുണയും പറഞ്ഞു. സ്‌കൂള്‍ തുറന്ന് അധിക ദിവസമാകാത്തതിനാല്‍ ഇതില്‍ അധ്യാപകര്‍ക്ക് സംശയം തോന്നിയില്ല.

കാര്യങ്ങള്‍ ഇങ്ങനെ തുടരവെ കുട്ടികള്‍ സ്‌കൂളിലെത്തുന്നില്ല എന്ന് മനസിലാക്കിയ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പിന്നാലെ രഹസ്യമായി പോയപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.


(സ്വകാര്യത മാനിച്ച് സ്കൂളിന്റെ പേരോ കുട്ടികളെ കുറിച്ചുള്ള വിവരങ്ങളോ വാർത്തയിൽ ഉൾപ്പെടുത്തിയിട്ടില്ല)