റീല്‍സ്, ഷോര്‍ട്ട് വീഡോയോ, ഫോട്ടോഗ്രഫി…; മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആകര്‍ഷകമായ മത്സരങ്ങളും സമ്മാനങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം


കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്  നിരവധി പരിപാടികളാണ് സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കോളേജ് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ മത്സരങ്ങള്‍ നടക്കും.

മന്ത്രിസഭാ വര്‍ഷികോഘോഷവുമായി ബന്ധപ്പെട്ട് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.  ഇൻസ്റ്റഗ്രാം റീല്‍സ് മത്സരം, ഫോട്ടോഗ്രാഫി മത്സരം, ഷോർട്ട് വീഡിയോ മത്സരം എന്നിങ്ങനെയുള്ള ജനപ്രിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ജില്ലയിൽ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങൾ എന്നതാണ് ഇൻസ്റ്റഗ്രാം റീൽസ് മത്സരത്തിന്റെ വിഷയം. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള റീല്‍സ് തയ്യാറാക്കി സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അപ്ലോഡ് ചെയ്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ kozhikode.district.information എന്ന ഇൻസ്റ്റഗ്രാം പേജിലേക്ക് ടാഗ് ചെയ്യുകയാണ് വേണ്ടത്. ഏറ്റവുമധികം ലൈക്കും ഷെയറും ലഭിക്കുന്ന റീലുകള്‍ക്കാണ് സമ്മാനം. മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസാന സമയപരിധി ഏപ്രിൽ 25 ന് വൈകുന്നേരം അഞ്ച് മണി വരെയാണ്.

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന കാഴ്ച്ചകൾ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നത്. മൊബൈല്‍ ഫോൺ ക്യാമറകള്‍ ഉപയോഗിച്ചും പ്രൊഫഷണൽ ക്യാമറകള്‍ ഉപയോഗിച്ചും ഫോട്ടോയെടുക്കാം. മൊബൈല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ വ്യക്തമായ ഫോട്ടോകള്‍ ബയോഡാറ്റ സഹിതം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം.

പ്രൊഫഷണൽ ക്യാമറ വിഭാഗത്തിലാണ് മത്സരിക്കുന്നതെങ്കില്‍ 18×12 വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളുടെ പ്രിന്റ് നേരിട്ടോ തപാല്‍ മുഖാന്തിരമോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയയ്ക്കാനാകൂ. ഫോട്ടോഗ്രഫി മത്സരിത്തില്‍ പങ്കെടുക്കാനുള്ള സമയപരിധി മെയ് 2 ന് വൈകുന്നേരം 5 മണിവരെയാണ്.

ജില്ലയില്‍ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നതാണ് ഷോർട്ട് വീഡിയോ മത്സരത്തിന്റെ വിഷയം. സൃഷ്ടികൾ രണ്ട് മുതൽ അഞ്ച് മിനുട്ട് വരെ ദൈർഘ്യമുള്ളതാവണം. തെരഞ്ഞെടുക്കപ്പെടുന്ന വിഡിയോകൾ മേള നടക്കുന്ന വേദിയിലും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സാമൂഹ്യ മാധ്യമ പേജുകളിലും പ്രദർശിപ്പിക്കും. എച്ച്.ഡി മികവിൽ എം.പി 4 ഫോർമാറ്റിലുള്ള വിഡിയോകൾ ഡി.വി.ഡി/പെൻഡ്രൈവിലാക്കി ‘ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020’ എന്ന വിലാസത്തിൽ ഏപ്രിൽ 30ന് മുൻപായി ലഭിക്കേണ്ടതാണ്.

മത്സരങ്ങളുമായി ബന്ധപ്പെട്ട  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370225 എന്ന നമ്പറില്‍ ബന്ധപ്പെടാം.