കായണ്ണ സ്വപ്ന നഗരിയിൽ ഹാപ്പിനസ് പാർക്ക്, വടകര, പേരാമ്പ്ര ബ്ലോക്കുകളില്‍ പുതിയ എ.ബി.സി സെന്ററിന് 1.5 കോടി; അടിസ്ഥാന മേഖലകള്‍ക്ക് പുറമേ വിനോദസഞ്ചാരത്തിനും ഇടം കൊടുത്ത് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്
കോഴിക്കോട്: ജില്ലയുടെ സ്വന്തം നിലക്കുള്ള വരുമാന വര്‍ധന ലക്ഷ്യമിട്ടും ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, ടൂറിസം തുടങ്ങി വ്യത്യസ്ത മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയും കോഴിക്കോടിന്റെ ജില്ലാ പഞ്ചായത്ത് ബജറ്റ്. 15.35 കോടി രൂപ വരവും 110.31 കോടി രൂപ ചെലവും 5.04 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് പി.ഗവാസ് അവതരിപ്പിച്ചു.
പശ്ചാത്തല വികസനം (37.34 കോടി), കാർഷികം (3.91 കോടി), മൃഗസംരക്ഷണം (4.19 കോടി), മത്സ്യം (47 ലക്ഷം), ദാരിദ്ര്യ ലഘൂകരണം (11.52 കോടി), പട്ടികജാതി വികസനം (12.74 കോടി), പട്ടിക വർഗ മേഖല (82.38 ലക്ഷം), വനിതാ വികസനം (5.27 കോടി), ശുചിത്വ മാലിന്യ സംസ്കരണം (3.74 കോടി), വിദ്യാഭ്യാസ മേഖല (5 കോടി), പ്രാദേശിക സാമ്പത്തിക വികസനം (3.97 കോടി) എന്നിങ്ങനെയാണ് വിവിധ മേഖലകള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയത്.
ബജറ്റില്‍ സൂചിപ്പിച്ചതനുസരിച്ച് ജില്ലാ പഞ്ചായത്ത് ഇ -ഓഫിസ് പ്രഖ്യാപനം മാർച്ചിൽ ഉണ്ടാവും. സ്‌കൂൾ ലാബുകൾ ആധുനികവൽക്കരിക്കല്‍, എല്ലാ സ്കൂളുകളിലും ഘടക സ്ഥാപനങ്ങളിലും സോളർ പാനൽ സ്ഥാപിക്കല്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും അഭിവൃദ്ധിക്കുമായിഒരു കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ജാഗ്രത ക്യാംപെയ്ൻ നടത്താനും പദ്ധതിയുണ്ട്.
പരമ്പരാഗത കലാമേഖലയിലെ പ്രാദേശിക കലാകാരന്മാരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതിയും ഒരുങ്ങുന്നുണ്ട്. കായണ്ണ സ്വപ്ന നഗരിയിൽ ഹാപ്പിനസ് പാർക്കും കടലുണ്ടി പുഴയോരത്ത് മിനി പാർക്കും നിർമിക്കുന്നതിലേക്ക് 55 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിച്ച ബജറ്റ് അവതരണയോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ വി.പി.ജമീല, നിഷ പുത്തൻ പുരയിൽ, കെ.വി.റീന, പി.സുരേന്ദ്രൻ, സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന പ്രഖ്യാപനങ്ങള്‍
ജില്ലയുടെ ഔദ്യോഗിക വൃക്ഷം, പക്ഷി, പുഷ്പം, മത്സ്യം എന്നിവ പ്രഖ്യാപിക്കും
ജില്ലാ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് ഭരണഘടന ചത്വരം നിര്‍മ്മിക്കും
ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ യൂട്യൂബ് ചാനല്‍
ഡിപി ആപ്പ് എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭരണഘടന സംവാദങ്ങള്‍
ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി കം മ്യൂസിയം
ജില്ലാ പഞ്ചായത്ത് ക്യാമ്പസില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ കഫറ്റീരിയ
കൂത്താളി ഫാമില്‍ വിപുലമായ ഫാം ടൂറിസം പദ്ധതി
വടകര, പേരാമ്പ്ര ബ്ലോക്കുകളില്‍ പുതിയ എ.ബി.സി സെന്റര്‍-1.5 കോടി
മത്സ്യ മേഖലയില്‍ മത്സ്യവര്‍ഷിണി പദ്ധതി
സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി
ജില്ലാ പഞ്ചായത്ത് മിനി ഐ.ടി പാര്‍ക്ക് സ്ഥാപിക്കും
ലൈഫ് ഭവന പദ്ധതിക്ക് 12 കോടി
ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡേര്‍സ്, വയോജനങ്ങള്‍, പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തിന് 7.10 കോടി
ഭിന്നശേഷിക്കാര്‍ നേതൃത്വം നല്‍കുന്ന സ്പന്ദനം കഫേകള്‍
വനിത വ്യവസായ കേന്ദ്രത്തിന് 2 കോടി
ഏപ്രില്‍ ഒന്നു മുതല്‍ സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യും
കായണ്ണ സ്വപ്ന നഗരിയില്‍ ഹാപ്പിനസ് പാര്‍ക്ക്
പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കാപ്പിയില്‍ സാംസ്‌കാരിക കേന്ദ്രം-10 ലക്ഷം
ആരോഗ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 7.22 കോടി
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നു വീതം ഡെബിള്‍ ചേംബര്‍ ഇന്‍സിനേറ്റര്‍
കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി മാറ്റാന്‍ അടിയന്തര പ്രവര്‍ത്തനങ്ങള്‍
ജില്ലാതലത്തില്‍ ബയോ പാര്‍ക്ക് സ്ഥാപിക്കും
സമഗ്ര നാളികേര വികസനത്തിന് പ്രത്യേക പദ്ധതി
ജില്ലാ തലത്തില്‍ ബയോഡൈവേഴ്സിറ്റി ഡിജിറ്റല്‍ രജിസ്റ്റര്‍
കടലുണ്ടി, കീഴ്‌ക്കോട് പുഴയോരത്ത് മിനി – പാര്‍ക്ക്-55 ലക്ഷം