മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, അന്വേഷിക്കാന്‍ കോഴിക്കോട് ആർ.ടി.ഒക്കും സിറ്റി പൊലീസ് കമ്മീഷണർക്കും നിർദേശം


കോഴിക്കോട്: വാടക ടയർ ഉപയോഗിച്ച് സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

വാടക ടയർ ഉപയോഗിച്ച് ബസ് ഓടിക്കാൻ മുതലാളിമാർ നിർബന്ധിക്കുന്നു എന്നാണ് ബസ് ജീവനക്കാരുടെ പരാതി. ആറ് ടയറുകൾക്ക് 400 രൂപ മുതൽ 600 രൂപ വരെയാണ് ദിവസ വാടക. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഒരു ടയറിന്റെ യഥാർത്ഥ വില 15,000 മുതൽ 20,000 വരെയാണ്. ഒറ്റത്തവണയായി ഇത്രയും തുക കൊടുക്കാൻ കഴിയാത്തതിനാലാണ് ഇത്തരത്തിൽ വാടക ടയറുകൾ വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഉപയോഗശൂന്യമായ ടയറുകൾ കട്ട്‌ ചെയ്താണ് ഉപയോഗിക്കുന്നത്. ഇത് എപ്പോൾ വേണമെങ്കിലും അപകട സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു ഇക്കാര്യം ബസ് ജീവനക്കാർ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

സാമ്പത്തിക ലാഭം മാത്രം മുൻനിർത്തി ബസ് ഉടമകൾ നടത്തുന്ന ഇത്തരം അപകടങ്ങളെക്കുറിച്ച് കൂടുതൽ പേരും അറിയുന്നത് സോഷ്യൽ മീഡിയയിലെ പോസ്റ്റിലൂടെയാണ്.

27ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.