രണ്ട് വർഷം, രണ്ട് കോടി വായന; കൊയിലാണ്ടിക്കാരുടെ സ്വന്തം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ഇന്ന് രണ്ടാം പിറന്നാള്‍
ഇന്ന് 2022 ഡിസംബര്‍ ആറ്. രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം കൊയിലാണ്ടിക്കാരിലേക്ക് ആദ്യമായി എത്തുന്നത്. കൊയിലാണ്ടിയിലെ ജനങ്ങളിലേക്ക് നാടിന്റെ ഓരോ സ്പന്ദനവും സമഗ്രമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോക്കല്‍ ന്യൂസ് വയര്‍ എന്ന മാതൃ സ്ഥാപനത്തിന് കീഴിലാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം പ്രവര്‍ത്തനം ആരംഭിച്ചത്.
2020 ഡിസംബര്‍ ആറിന് വൈകീട്ട് ജനകീയ ഉദ്ഘാടനത്തോടെയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം കൊയിലാണ്ടിക്കാരുടെ സ്വന്തം പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമം എന്ന നിലയിലേക്കുള്ള ജൈത്രയാത്ര തുടങ്ങിയത്. ഇന്ന് കൊയിലാണ്ടിയിലെ എന്നല്ല, കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പ്രാദേശിക മാധ്യമമാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം.
ഇന്ന് 55,000 ത്തിലേറെ അംഗങ്ങളുള്ളതും ഓരോ നിമിഷവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനുള്ളത്. കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും ശരാശരി 50,000 ത്തോളം തവണയാണഅ വായിക്കപ്പെടുന്നത് എന്ന് കണക്കുകള്‍ കാണിക്കുന്നു.
പരിമിതമായ സാഹചര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ഇന്ന് നഗരഹൃദയത്തില്‍ തന്നെ ഓഫീസ് ഉണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സ്മൃതി പരുത്തിക്കാട് ആണ് ഈ വര്‍ഷം ജൂലൈ നാലിന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത്.
ഇന്ന് കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും എന്ത് സംഭവം ഉണ്ടായാലും കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ വന്നോ എന്ന് അന്വേഷിക്കുന്ന ആളുകള്‍ നിരവധിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോം ജനങ്ങളുടെ ഹൃദയത്തില്‍ നേടിയെടുത്ത വിശ്വാസ്യതയുടെ തെളിവായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്.
മറ്റ് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊയിലാണ്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്. കൊയിലാണ്ടിക്ക് പുറത്തുള്ള സംഭവങ്ങള്‍ പ്രധാനപ്പെട്ടതാണ് എങ്കില്‍ മാത്രമേ കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ പ്രസിദ്ധീകരിക്കാറുള്ളൂ.
വാര്‍ത്തകള്‍ക്ക് പുറമെ വായനക്കാര്‍ക്കായി സ്‌പെഷ്യല്‍ ആയ വിഭവങ്ങളും കൊയിലാണ്ടി ന്യൂസ് ഡോട് കോം നല്‍കുന്നുണ്ട്. പ്രവാസികള്‍ക്ക് തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും എഴുതാനായി എല്ലാ വെള്ളിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ‘പ്രവാസിയുടെ കൊയിലാണ്ടി’, കൊച്ചുകൂട്ടുകാര്‍ക്കായി എല്ലാ ശനിയാഴ്ചയും പ്രസിദ്ധീകരിക്കുന്ന ‘കഥാനേരം’ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ.
കൊയിലാണ്ടി ന്യൂസ് ഡോട് കോം എന്ന ജില്ലയിലെ ഒന്നാം നമ്പര്‍ പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റ് രണ്ട് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂടി ലോക്കല്‍ ന്യൂസ് വയറിന് കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ന്യൂസ് ഡോട് കോം, ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച വടകര ഡോട് ന്യൂസ് എന്നിവയാണ് അത്.
വളരെ കുറച്ച് വായനക്കാരുമായി ആരംഭിച്ച കൊയിലാണ്ടി ന്യൂസ് ഡോട് കോം പടിപടിയായി വളര്‍ന്നതിനും ഇന്ന്, പ്രതിമാസം പതിമൂന്ന് ലക്ഷത്തിലേറെ വായനക്കാരുമായി മുന്നോട്ട് കുതിക്കുന്ന ശക്തമായ മാധ്യമമായി മാറിയതിനും പിന്നില്‍ ഒരു കാരണം മാത്രമേ ഉള്ളൂ. ഞങ്ങളുടെ വാര്‍ത്തകള്‍ വായിക്കുന്ന, ഞങ്ങളെ വിശ്വസിക്കുന്ന, ഞങ്ങളെ വിമര്‍ശിക്കുന്ന കൊയിലാണ്ടിക്കാര്‍. അവരോടുള്ള ഉത്തരവാദിത്തം ഒട്ടും ചെറുതല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വാര്‍ത്തയും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാനായി ഏറെ പ്രിയപ്പെട്ട വായനക്കാരില്‍ നിന്നും തുടര്‍ന്നും എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
Summery: koyilandynews.com celebrates second anniversary.