‘ഇന്ന് തന്നെ മോചിപ്പിക്കണം, ഉത്തരവ് ജയിൽ സൂപ്രണ്ടിന് ഇ-മെയിലായി അയക്കണം’; കെ.എസ്.യു ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെ കാപ്പ ചുമത്തി ജയിലിലടച്ചത് ഹൈക്കോടതി റദ്ദാക്കി


കൊച്ചി: കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിലടച്ച നടപടി ഹൈക്കോടതി റദ്ദാക്കി. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെതിരെ കാപ്പ ചുമത്തിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ബുഷര്‍ ജംഹറിനെതിരെ ആരോപിച്ച കേസുകളില്‍ കരുതല്‍ തടങ്കല്‍ ആവശ്യമില്ല എന്നും നടപടിക്രമങ്ങള്‍ പാലിച്ചല്ല കാപ്പ ചുമത്തിയതെന്നും കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. ഈ വര്‍ഷം ജൂണ്‍ 27 നാണ് ബുഷര്‍ ജംഹറിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ത്ഥിയാണ് ബുഷര്‍. പത്തിലേറെ കേസുകളില്‍ പ്രതിയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ബുഷറിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചത്.

ഈ നടപടി ചോദ്യം ചെയ്ത് ബുഷര്‍ ജംഹറിന്റെ ഉമ്മ ജഷീല ടി.എം ആണ് ഹൈക്കോടതിയെ സമീപിച്ചത്. 180 ലേറെ ദിവസമായി ബുഷര്‍ വിയ്യൂര്‍ ജയിലില്‍ റിമാന്റിലാണ്.

ബുഷറിനെ ഇന്ന് തന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് ജയില്‍ സൂപ്രണ്ടിന് ഇ-മെയിലായി അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.