കൊയിലാണ്ടി വയനാട് റെയില്‍വേ ലൈന്‍, പേരാമ്പ്ര ടൈഗര്‍ സഫാരി പാര്‍ക്ക്; 2023 കൊയിലാണ്ടിക്കാരുടെ മനസിലിട്ട സ്വപ്‌ന പദ്ധതികള്‍


കൊയിലാണ്ടി: കൊയിലായണ്ടിക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന രണ്ട് സ്വപ്‌ന പദ്ധതികളുടെ വിത്തുകള്‍ മനസില്‍ പാകിക്കൊണ്ടാണ് 2023 കടന്നുപോയിരിക്കുന്നത്. അതിലൊന്ന് കൊയിലാണ്ടിയില്‍ നിന്നും ആരംഭിച്ച് വയനാട് വഴി മൈസൂരിവിലെത്തുന്ന റെയില്‍പ്പാതയെന്നതാണ്. രണ്ടാമത്തേതാകട്ടെ കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ വരാന്‍ പോകുന്ന ടൈഗര്‍ സഫാരി പാര്‍ക്ക്.

കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയും വയനാടും കടന്ന് മൈസൂരിലേക്ക് ട്രെയിന്‍ റൂട്ട് എന്ന ആശയം വലിയ സാധ്യതകളാണ് തുറന്നിടുന്നത്. അങ്ങെയൊരു ട്രെയിന്‍ റൂട്ടിന്റെ സാധ്യത പരിശോധിക്കുന്നുവെന്ന വാര്‍ത്ത കൊയിലാണ്ടിക്കാര്‍ക്ക് വളരെയേറെ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു. ഏറ്റവുമൊടുവിലായി സോഷ്യല്‍ ജസ്റ്റഇസ് ഫോര്‍ ഇന്റര്‍നാഷണല്‍ സിവില്‍ കൗണ്‍സില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ഇതുസംബന്ധിച്ച് നിവേദനം നല്‍കുകയും ആവശ്യത്തോട് അദ്ദേഹം അുകൂലമായി പ്രതികരിച്ച് സാധ്യാതാ പഠനം നടത്തുന്നതിനായി റെയില്‍വേ മന്ത്രാലയത്തിന് നിവേദനം നല്‍കുകയും ചെയ്തതോടെ ഈ പ്രതീക്ഷകള്‍ക്ക് ആക്കം കൂടിയിരിക്കുകയാണ്.

കൊയിലാണ്ടിയില്‍ നിന്നും മൈസൂരുവിന്റെ പ്രാന്തപ്രദേശമായ കടകോളവരെ 190 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍ ശൃംഖല സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. പേരാമ്പ്ര, മുള്ളന്‍കുന്ന്, വാളൂക്ക്, നിരവില്‍പ്പുഴ, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി, കൃഷ്ണരാജപൂരം, എച്ച്.ഡി.കോട്ടെ, ഹംപാപുര, ബിദിരാഗോഡു വഴിയാണ് പാത കടന്നുപോകുന്നത്.

ഈ റെയില്‍വേ റൂട്ട് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ കോഴിക്കോടുനിന്നും മൈസൂര്‍ വരെയുള്ള യാത്രാദൂരം 230 കിലോമീറ്റര്‍ ആയി കുറയും. നിലവില്‍ ബംഗളുരു വഴി 715 കിലോമീറ്ററും മംഗളുരു വഴി 507 കിലോമീറ്ററുമാണ് മൈസൂരുവിലേക്കുള്ള ദൂരം. ഇതിനു പുറമേ റെയില്‍വേ ബോര്‍ഡ് ഇതിനകം തന്നെ അംഗീകാരം നല്‍കിയ തിരുനാവായ ഗുരുവായൂര്‍ റെയില്‍ ലൈന്‍ പൂര്‍ത്തിയായാല്‍ ബംഗളുരുവില്‍ നിന്നും മൈസൂര്‍, കോഴിക്കോട്, ഗുരുവായൂര്‍, എറണാകുളം വഴി തിരുവനന്തപുരത്തേക്കുള്ള ഏറ്റവും എളുപ്പമുള്ള റൂട്ടാകും ഇത്.

ചക്കിട്ടപ്പാറയിലെ ടൈഗര്‍ സഫാരി പാര്‍ക്ക് എന്നത് മേഖലയിലെ വിനോദസഞ്ചാര സ്വപ്‌നങ്ങള്‍ക്കും വികസനത്തിനും വലിയ പ്രതീക്ഷയേകുന്ന വാര്‍ത്തയാണ്. ബംഗളുരുവിലെ ബന്നേര്‍ഘട്ട സഫാരി പാര്‍ക്കിന്റെ മാതൃകയില്‍ ചുറ്റിലും വലിയ മതിലും കൂറ്റന്‍ ഇരുമ്പുവേലിയും കെട്ടിത്തിരിച്ച് അതിനുള്ളില്‍ കടുവകളെ തുറന്നുവിടുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായുള്ള ഭൂമിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായാല്‍ പദ്ധതി രേഖ തയ്യാറാക്കും.

ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് അടച്ചുറപ്പുള്ള ജീപ്പ്, ബസ് എന്നിവയില്‍ സഞ്ചരിച്ചു കൊണ്ട് ഇതിനുള്ളിലെ മൃഗങ്ങളെ അടുത്തു കാണാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് വരാന്‍ പോകുന്നത്. പേരാമ്പ്രയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് വരുന്നതിലൂടെ പ്രാദേശിക വികസനവും തൊഴില്‍ സാധ്യതയും വഴിയൊരുക്കും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.