‘ പണംപിരിച്ചത് നിയോജക മണ്ഡലം സെക്രട്ടറിയെന്ന നിലയില്‍, ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന പദ്ധതിയില്‍ യൂണിറ്റിന്റെ അനുമതി വാങ്ങേണ്ടതില്ല’; വ്യാജ പണപ്പിരിവെന്ന ആരോപണം തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മുന്‍ യൂണിറ്റ് സെക്രട്ടറി, കൊയിലാണ്ടിയില്‍ പണം പിരിക്കുന്നത് തുടരുന്നു
കൊയിലാണ്ടി: വ്യാജ പണപ്പിരിവെന്ന പരാതി ഉയര്‍ന്നിട്ടും കൊയിലാണ്ടിയില്‍ ആശ്വാസ് പദ്ധതിയുടെ പേരില്‍ പണപ്പിരിവ് തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മുന്‍ യൂണിറ്റ് സെക്രട്ടറി ജലീല്‍ മൂസ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിയോജക മണ്ഡലം സെക്രട്ടറിയെന്ന നിലയിലാണ് പണം പിരിക്കുന്നതെന്നും ഇതിന് ജില്ലാ കമ്മിറ്റിയുടെ അനുമതിയുണ്ടെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ആശ്വാസ് പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നത് തുടരുകയാണ്. യൂണിറ്റില്‍ നിന്നും ഇതിന് അനുമതി വാങ്ങേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊയിലാണ്ടി യൂണിറ്റിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ച ജലീല്‍ മൂസ, സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് യൂണിറ്റില്‍ നിന്നും പുറത്താക്കിയ ഷൗക്കത്തലി, ഷീബ ശിവാനന്ദന്‍ എന്നിവര്‍ നടത്തുന്ന പണപ്പിരിവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പരാതിയുമായി രംഗത്തുവന്നിരുന്നു.
ആശ്വാസ് പദ്ധതിയുടെ പേരില്‍ കൊയിലാണ്ടി യൂണിറ്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ അനധികൃതമായി പണപിരിവ് നടത്തുന്നെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ചാണ് പണപ്പിരിവ് നടത്തുന്നതെന്നും 2000 രൂപയാണ് ഇത്തരത്തില്‍ വ്യാപാരികളില്‍ നിന്നും പിരിക്കുന്നതെന്നും യൂണിറ്റ് ജോയിന്റ് സെക്രട്ടറി റിയാസ് പറഞ്ഞത്.